നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീടിന് മുന്നില്‍ സമരം നടത്താനാണ് തീരുമാനം. ഒരു പക്ഷേ സമരവേദി കോളേജിന് മുന്നിലേക്ക് മാറ്റിയേക്കാം. ജിഷ്ണുവിന്റെ മരണാനന്തര ചടങ്ങുകള്‍ 18ഓടെയേ അവസാനിക്കുകയുള്ളൂ. അതിന് ശേഷമാണ് മാതാപിതാക്കള്‍ സമരരംഗത്തേക്ക് ഇറങ്ങുന്നത്. സമരത്തിന് എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും പിന്തുണ തേടാനാണ് കുടുംബത്തിന്‍റെ തീരുമാനം.

പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ നാട്ടുകാരുടെ നേതൃത്വത്തില്‍ 13ന് കോളേജിന് മുന്നില്‍ സമരം നടത്തും. ആം ആദ്മി പാര്‍ട്ടിയും യുവമോര്‍ച്ചയും അന്നു തന്നെ സമരത്തിനെത്തുന്നുണ്ട്. സമരത്തില്‍ പങ്കുചേരാന്‍ ബി.ജെ.പിയും സന്നദ്ധത അറിയിച്ചുണ്ട്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ചുള്ള സമരം ചുരുക്കത്തില്‍ സര്‍ക്കാരിനെതിരെ കൂടിയുള്ളതാണ്. ജിഷ്ണുവിന്റെ മരണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഒരാള്‍ക്കെതിരെ പോലും അന്വേഷണ സംഘം കേസെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം പേരെ ചോദ്യം ചെയ്തിട്ടും, കോളേജ് സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ ചോദ്യം ചെയ്യാത്തതിലും ദുരൂഹതയുണ്ട്.