തിരുവനന്തപുരം: തിരുവനന്തപുരം എയര്‍പോര്‍ട്ട് കാര്‍ഗോ വിഭാഗത്തിലും മെഡിക്കല്‍ കോളേജിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതിയെ പിടികൂടിയത്. പതിനാറോളം സ്ത്രീകള്‍ ഇതിനകം തട്ടിപ്പിനിരായിട്ടുണ്ട്.

തിരുവനന്തപുരം കല്ലറ വെള്ളംകുടി സ്വദേശി സനില്‍കുമാറാണ് കഴിഞ്ഞ എതാനും വര്‍ഷമായി തട്ടിപ്പ് നടത്തിവന്നത്്. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ്. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന കുടുംബങ്ങള്‍ക്ക് പൊതു പ്രരവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി ചില സഹായങ്ങള്‍ നല്‍കും. കുടുംബവുമായി പരിചയപ്പെട്ടുകഴിഞ്ഞാല്‍ സ്ത്രീകളെ ഫോണില്‍ വിളിച്ച് എയര്‍പോര്‍ട്ടിലും, മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജോലി തരപ്പെടുത്താമെന്നും അതിനായി കുറച്ച് തുക വേണമെന്ന് ആവശ്യപ്പെടും. ഇങ്ങനെ നിരവധി സ്ത്രീകളെ കബളിപ്പിച്ചെന്നാണ് പരാതി.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുടെ ഭാര്യ നല്‍കിയ പരാതിയാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്. സ്ത്രീകളില്‍ നിന്ന് ഫോട്ടോയും ഐഡി കാര്‍ഡുമെല്ലാം ഇയാള്‍ സ്വന്തമാക്കും. ഈ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഹോട്ടലില്‍ മുറിയെടുത്ത് അവിടേക്ക് സ്ത്രീകളെ വിളിച്ചുവരുത്തി അപമാനിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിനിയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.