അറസ്റ്റിലായ ഫാ.ജോബ് മാത്യുവിനെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. 

തിരുവല്ല: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവിന്‍റെ പരാതിയില്‍ അറസ്റ്റിലായ ഫാ.ജോബ് മാത്യുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍‌ഡ് ചെയ്തു. ഫാ. ജോബ് മാത്യുവിനെ പത്തനംതിട്ട ജില്ലാജയിലിലേക്ക് മാറ്റി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ പന്തളത്തെ വീട്ടില്‍ ഹാജരാക്കിയ വൈദികനെ നാട്ടുകാര്‍ കൂക്കി വിളിച്ചു. നാളെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. 

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്നാണ് രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.അതേസമയം, യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യു പറഞ്ഞു. പരാതിക്കാരിയുമായി അടുത്ത പരിചയമുണ്ട്. പലപ്പോഴും ആശ്രമത്തില്‍വച്ച് കണ്ടിട്ടുണ്ടെന്നും കുമ്പസാരിച്ചിട്ടുണ്ടോ എന്ന് ഓര്‍‌മ്മയില്ലെന്നും ഫാ.ജോബ് മാത്യു പറഞ്ഞു. 

എന്നാല്‍ വൈദികനെതിരെയുളള സാക്ഷിമൊഴികള്‍ പൊലീസിന് കിട്ടി. പരാതിക്കാരി കുമ്പസാരിക്കാന്‍ വൈദികന്‍റെ അടുത്ത് എത്തിയിരുന്നതായി സാക്ഷി മൊഴിയുണ്ട്. വൈദികന്‍റെ ആശ്രമത്തില്‍ ഇവര്‍ എത്തിയിരുന്നതായും, മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടതായും ദൃക്സാക്ഷിമൊഴിയില്‍ പറയുന്നു. സാക്ഷികളുടെ രഹസ്യമൊഴിയും ക്രൈംബ്രൈഞ്ച് രേഖപ്പെടുത്തും.