കൊച്ചി: സിംഗപൂരിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മലയാളി മുങ്ങിയതായി പരാതി. കേരളത്തിലെ വിവിധഭാഗങ്ങളില്‍ നിന്നും 27 പേരില്‍ നിന്നും പണം തട്ടിയെടുത്ത് മുങ്ങിയ ആളെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ചെന്നൈയിലെ റെഡിംഗ്ടണ്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ രാജേഷ് ചന്ദ്രന്‍ എന്നയാളാണ് പണം വാങ്ങികമ്പളിപ്പിച്ചതെന്നാണ് പരാതി. സിംഗ്പൂരില്‍ ജോലിക്കായി വിസ നല്‍കാമെന്ന് പറഞ്ഞ് ഓരോര്‍ത്തരില്‍ നിന്നും ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം രൂപ വരെ ഇയാള്‍ വാങ്ങി. ബിരുദമില്ലാത്തവര്‍ക്ക് വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റും അയച്ചുകൊടുത്തു.
വിദേശയാത്രക്ക് ആരോഗ്യപരിശോധന ഉള്‍പ്പടെ നടത്തി. വിശ്വസിപ്പിക്കാന്‍ ടിക്കറ്റും നല്‍കി. പെട്ടെന്ന് ഒരു ദിവസം യാത്ര റദ്ദാക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. രാമപുരം സ്വദേശി പ്രിന്‍സ് അഗസ്റ്റിന്‍ എന്നയാളില്‍ നിന്നാണ് രാജേഷ് ചന്ദ്രനെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ വിദേശയാത്രക്ക് ശ്രമിച്ചിരുന്ന തനിക്ക് മറ്റൊരാളില്‍ നിന്നാണ് രാജേഷ് ചന്ദ്രന്റെ ഫോണ്‍ നമ്പര്‍ കിട്ടുന്നതെന്നും താനും പറ്റിക്കപ്പെട്ടെന്നും പ്രിന്‍സ് വിശദീകരിച്ചു. കാസര്‍കോട് സ്വദേശിയാണ് രാജേഷ് ചന്ദ്രനെന്നാണ് പ്രാഥമികവിവരം.രാജേഷ് ചന്ദ്രന്റ സ്ഥാപനം ചെന്നൈയിലിപ്പോഴില്ലെന്നും ഇയാളെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും രാമപുരം പൊലീസ് അറിയിച്ചു.
