അമാന്‍: ഫേസ്ബുക്കിലൂടെ വിവാദ കാർട്ടൂൺ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രശസ്ത ജോർദ്ദാൻ എഴുത്തുകാരൻ നഹീദ് ഹട്ടാർ വെടിയേറ്റു മരിച്ചു. ജോർദാനിലെ അമാൻ ഹൈക്കോടതിയിൽ കേസിൽ വാദം കേൾക്കാനെത്തിയ നഹീദിനെ വെടിവച്ചുവീഴ്ത്തിയ അക്രമിയെ പിന്നീട് അറസ്റ്റുചെയ്തു. ജോർദാനിലെ അബ്‍ദാലിയിലെ ഹൈക്കോടതിവളപ്പിൽ മൂന്നുതവണയാണ് നഹീദ് ഹട്ടാറിന് നേരെ അക്രമി വെടിവച്ചത്. എല്ലാവരുടെയും ശ്രദ്ധ തിരിക്കുന്നതിനായി കോടതിവളപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു കൊലയാളി വെടിയുതിര്‍ത്തതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇസ്ലാം മതത്തെ നിന്ദിക്കുന്ന കാർട്ടൂൺ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് വിചാരണ നേരിടുകയായിരുന്നു നഹീദ് ഹട്ടാർ. സ്വർഗ്ഗത്തിൽ സ്ത്രീകൾക്കൊപ്പം കിടന്ന് പുകവലിക്കുന്ന അറബി, വൈൻ കൊണ്ടുവരാൻ ദൈവത്തോട് ആവശ്യപ്പെടുന്നതായിരുന്നു കാർട്ടൂണിന്റെ പ്രമേയം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കളിയാക്കുന്ന കാർട്ടൂണെന്ന് തോന്നിയതുകൊണ്ടാണ് ഫേസ്ബുക്കിൽ പങ്കുവച്ചതെന്ന് പറഞ്ഞ് നഹീദ് പോസ്റ്റ് പിൻവലിച്ചിരുന്നു.

ഓഗസ്റ്റ് 13 നാണ് വിവാദ കാർട്ടൂണിന്റെ പേരിൽ നഹീദ് അറസ്റ്റിലായത്. ഈ മാസം ആദ്യം ജയില്‍ മോചിതനായ ഹാട്ടറിന് നിരവധി ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ജോർദ്ദാൻ സുരക്ഷാസേനയുടെ വീഴ്ചയാണ് നഹീദിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.