'ലൈബ്രറിയില്‍ കയറി മഹാരാജാസ് എന്ന പേരില്‍ ഉള്ള ഫയല്‍ മുഴുവന്‍ പരതി, സമരം.. ഇലക്ഷന്‍..എവിടെയും അവന്‍ ഇല്ല....'

എസ്.എഫ്.ഐയുടെ കൊടിക്ക് താഴെ ചിരിച്ചുനില്‍ക്കുന്ന പടം കണ്ടപ്പോള്‍ മുതലാണ് അവനെ കണ്ടിട്ടുണ്ട് എന്ന് തോന്നിയത്. പല്ല് മുഴുവന്‍ കാട്ടിയുള്ള ചിരി... കൂടെ ഉള്ളവരോടൊക്കെ ചോദിച്ചു. അവരും പറഞ്ഞു നമ്മളൊക്കെ കണ്ടിട്ടുണ്ടാകണം...

ലൈബ്രറിയില്‍ കയറി മഹാരാജാസ് എന്ന പേരില്‍ ഉള്ള ഫയല്‍ മുഴുവന്‍ പരതി. സമരം, ഇലക്ഷന്‍... എവിടെയും അവന്‍ ഇല്ല. പിന്നീട് മുഖത്ത് ഛായം തേച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ടപ്പോഴാണ് ഓര്‍മ്മ വരുന്നത്. 

'വട്ടവടയില്‍ നിന്ന് പച്ചക്കറി ലോറിയില്‍ കയറി കൊച്ചി നഗരത്തിലെത്തിയിരുന്നവന് ഒറ്റക്കുപ്പായം എന്നത് ഒരു തമാശയാകാന്‍ വഴിയില്ല. എന്നിട്ടും കൂട്ടുകാര്‍ക്കൊപ്പം കളിച്ച് ചിരിച്ച് അവന്‍ നില്‍ക്കുന്നുണ്ടായിരുന്നു...'

2018 മാര്‍ച്ച് 4. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ രാജസ്ഥാനികളുടെ ഹോളി ആഘോഷം നടക്കുകയാണ്. അവിടെ വച്ചാണ്, കൂട്ടുകാര്‍ക്കൊപ്പം, നിറത്തില്‍ മുങ്ങി... ഒരു പത്തുപതിനഞ്ച് പേരുണ്ടായിരുന്നു അവരെല്ലാവരും കൂടി. എല്ലാവരും ഹോളി മൂഡിലായിരുന്നു .കൂട്ടത്തിലൊരാള്‍, പറഞ്ഞു- 'ഞങ്ങള്‍ കഴിഞ്ഞ ദിവസം ഹോളി ആഘോഷിച്ചതാണ്, അന്ന് ഇട്ട അതേ കുപ്പായം ആണ് ഇന്നും ഇട്ടിരിക്കുന്നത്... മാറ്റിയിട്ടില്ല... അടുത്ത ദിവസം നടക്കുന്ന ഹോളി ആഘോഷത്തിലും ഇത് തന്നെയാകും വേഷം...' അവരത് ഒരു വലിയ തമാശയായി പറയുമ്പോള്‍ അവന്റെ കണ്ണില്‍ എന്തായിരുന്നു വികാരം എന്ന് ഓര്‍മ്മയില്ല. 

വട്ടവടയില്‍ നിന്ന് പച്ചക്കറി ലോറിയില്‍ കയറി കൊച്ചി നഗരത്തിലെത്തിയിരുന്നവന് ഒറ്റക്കുപ്പായം എന്നത് ഒരു തമാശയാകാന്‍ വഴിയില്ല. എന്നിട്ടും കൂട്ടുകാര്‍ക്കൊപ്പം കളിച്ച് ചിരിച്ച് അവന്‍ നില്‍ക്കുന്നുണ്ടായിരുന്നു... കൂട്ടുകാര്‍ക്ക് ശേഷം അവനും സംസാരിച്ചു... 
'ഉത്തരേന്ത്യക്കാരുടെ മാത്രം ആഘോഷമല്ല ഹോളി, എല്ലാവരുടെയും ആണ്. വിവേചനമില്ലാതെ എല്ലാവരും ഒന്നിക്കുന്ന നമ്മുടെ ആഘോഷം'

മൂന്നേ മൂന്ന് വരി. അതിലുണ്ടായിരുന്നു അഭിമന്യൂവിന്റെ കാഴ്ചപ്പാടുകള്‍. ആ അവനെ തന്നെയാണ് അവര്‍ ഉന്നം വച്ചതും. ജീവിതം കസേരയിലൊതുങ്ങിപ്പോയ ഒരാള്‍ക്കൊപ്പം, അയാള്‍ക്ക് താങ്ങായി നടന്നവന്‍... ഇറച്ചിക്കറി കൂട്ടി ചോറ് കൊടുക്കുമ്പോള്‍ ഞങ്ങള്‍ പച്ചച്ചോറ് തിന്നുന്നവരാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നവന്‍. കാലണ കയ്യിലില്ലാഞ്ഞിട്ടും സഹായിക്കാന്‍ ഒരുങ്ങിയവരെ സ്‌നേഹത്തോടെ തിരിച്ചയച്ചവന്‍. ബാങ്കില്‍ ജോലി കിട്ടാന്‍ എന്തുവരെ പഠിക്കണം എന്ന് ബാങ്കുദ്യോഗസ്ഥനോട് പോയി ചോദിച്ച അച്ഛന്റെ മകന്‍.

ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ തന്നെ നെഞ്ചിലേക്കാണ് അവര്‍ കത്തി കയറ്റിയത്. അവനൊപ്പം ഇല്ലാതാകുന്നത് വെളിച്ചം വീഴാന്‍ തുടങ്ങിയിരുന്ന ഒരു നാടിന്റെ പ്രതീക്ഷകള്‍ കൂടിയാണ്. ഉപദ്രവിച്ചു വിട്ടാലെങ്കിലും മതിയായിരുന്നു, ഒരിക്കലും കൊല്ലേണ്ടിയിരുന്നില്ല.

അഭിമന്യൂ പങ്കെടുത്ത അന്നത്തെ ഹോളി ആഘോഷത്തിന്‍റെ വാര്‍ത്ത കാണാം...