കൊച്ചി: പൊലീസിനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകനെ സദാചാര ലംഘനം ആരോപിച്ച് വീട്ടില്‍ കയറി പൊലീസ് അറ്സറ്റ് ചെയ്തു. നാരാദാ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമയെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. രാത്രി വൈകി പ്രതീഷ് താമസിക്കുന്ന വീട്ടിലെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളം നോര്‍ത്ത് കലൂരിലാണ് പ്രതീഷ് താമസിക്കുന്നത്. പ്രതീഷിന്‍റെ താമസസ്ഥലത്ത് ആണ്‍,പെണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. സദാചാര ലംഘനം ആരോപിച്ച് ഒരു വിഭാഗം പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് പ്രതീഷിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ആദ്യം വീട്ടിലെത്തിയ പൊലീസ് കാര്യങ്ങള്‍ അന്വേഷിച്ച് തിരിച്ച് പോവുകയും പിന്നീട് വീണ്ടും വരികയുമായിരുന്നു.പ്രതീഷിനെ രാവിലെ ജാമ്യത്തില്‍ വിട്ടു.
സംഭവസ്ഥലത്ത് സ്ഥലം കൗണ്‍സിലറും ഉണ്ടായിരുന്നു. കൗണ്‍സിലറെ തല്ലിയെന്നാരോപിച്ച് പൊലീസ് പ്രതീഷിനെ മര്‍ദ്ദിച്ചെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പ്രതീഷ് കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് അരോപിച്ചെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു. മര്‍ദ്ദിച്ചു എന്ന് പറയുന്ന കൗണ്‍സിലര്‍ പ്രതീഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
നാട്ടുകാരിലൊരാള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് പൊലീസിന്‍റെ പക പോക്കലാണെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. എറണാകുളം നോര്‍ത്ത് പൊലീസില്‍ നിന്ന് ഡിസംബര്‍ ഒന്നിന് പ്രതീഷിനും സുഹൃത്തിനും സദാചാര പൊലീസിങ്ങ് നേരിടേണ്ടി വന്നിരുന്നു.
ഇതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മനുഷ്യാവകാശ കമ്മീഷന് പ്രതീഷ് പരാതി നല്‍കിയിരുന്നു. ഇതാണ് പ്രതീഷിന്‍റെ അറസ്റ്റിന് വഴി വെച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പ്രതീഷിന്‍റെ കൂടെ സുഹൃത്തുക്കള്‍ താമസസ്ഥലത്ത് ഉണ്ടായിട്ടും പ്രതീഷിനെ തിരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു പൊലീസെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
