കഴിഞ്ഞ ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള വിവിധ ഇടപാടുകളിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മോഷണത്തില്‍ ജുവല്ലറിക്കുള്ളില്‍നിന്നും പങ്കുള്ളതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജ്വല്ലറി മാനേജര്‍ ഷൈന്‍ ജോഷി, മാള്‍ മാനേജര്‍, അസിസ്റ്റന്റ് ജ്വല്ലറി മാനേജര്‍ എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ രീതി വ്യക്തമായത്.
പലവട്ടം ഷോറൂമിലെത്തി പരിചയമുള്ള തുറവൂര്‍ സ്വദേശിനി ഷര്‍മിളയുടെ സഹായത്തോടെയാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. ഷര്‍മിളയെക്കൊണ്ട് വിവിധ സമയങ്ങളിലായി സ്വര്‍ണം വാങ്ങിപ്പിച്ചു. ചെക്ക് വഴിയാണ് ഇടപാട് നടത്തിയത്. ഷോറൂം മാനേജര്‍ ചെക്ക് ക്ലിയറന്‍സിന് അയച്ചതായി രേഖയുണ്ടാക്കിയ ശേഷം ക്ലിയര്‍ ചെയ്യേണ്ടെന്ന് ബാങ്കില്‍ അറിയിക്കും. ഇത്തരത്തില്‍ കുറേ ചെക്കുകള്‍ ക്ലിയറന്‍സിന് അയച്ചിട്ടില്ല.
ചില ഇടപാടുകളില്‍ ഷര്‍മിള തന്നെ ക്ലിയറന്‍സ് നടത്തേണ്ടെന്ന് ബാങ്കില്‍ വിളിച്ചുപറഞ്ഞിരുന്നു. 2.35 കോടിയുടെ 900 പവനാണ് ഇത്തരത്തില്‍ കടത്തിയത്. ബാങ്ക് ജീവനക്കാര്‍ പിടിയിലായ ശേഷം ഷര്‍മിള ഒളിവിലായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിലായി ഇവര്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അങ്കമാലി കോടതിയിലെത്തി കീഴടങ്ങിയത്.
