മര്‍ദ്ദിച്ച ശേഷം നിലവിളി ശബ്ദം ഫോണിലൂടെ കാമുകനെ കേള്‍പ്പിച്ചു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ജഡ്ജിയോ ആയ ശേഷം വിവാഹമാലോചിച്ചാല്‍ മതിയെന്ന് അച്ഛന്‍ 

പറ്റ്‌ന: സുപ്രീംകോടതി അഭിഭാഷകനെ പ്രേമിച്ചതിന് നിയമ ബിരുദധാരിയായ മകളെ മര്‍ദ്ദിച്ച് വീട്ടുതടങ്കലിലിട്ട് ജഡ്ജി. ഖഗാരിയ ജില്ലാ ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യയാണ് ഇരുപത്തിനാലുകാരിയായ മകള്‍ യശസ്വിനിയെ മര്‍ദ്ദിച്ച് വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. 

അഞ്ച് വര്‍ഷമായി യശസ്വിനിയും അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ബന്‍സലും പ്രണയത്തിലാണ്. ദില്ലി ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ ദില്ലിയിലെത്തിയ യശസ്വിനിയെ ബന്‍സല്‍ കാണാനെത്തിയതോടെയാണ് യശസ്വിനിയടെ കുടുംബം ഇക്കാര്യമറിഞ്ഞത്. തുടര്‍ന്ന് പരീക്ഷയെഴുതിക്കാതെ മകളെയും കൂട്ടി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

വീട്ടിലെത്തിയ ശേഷം യശസ്വിനിയെ അച്ഛനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ബന്‍സലിനെ ഫോണില്‍ വിളിച്ച് യശസ്വിനിയുടെ കരച്ചില്‍ പല തവണ കേള്‍പ്പിക്കുകയും ചെയ്തു. കാമുകി വീട്ടുതടങ്കലിലാണെന്നറിഞ്ഞ ബന്‌സല്‍ സുഭാഷ് ചന്ദ്രയെ ചെന്ന് കണ്ടു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗമോ ജഡ്ജി സ്ഥാനമോ കിട്ടാതെ മകളെ വിവാഹമാലോചിക്കാന്‍ വരേണ്ടെന്നായിരുന്നു ബന്‍സലിന് കിട്ടിയ മറുപടി. 

സംഭവത്തില്‍ ബന്‍സല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബന്‍സലിന്റെ പരാതി പൊലീസ് ജില്ലാ വനിതാ ഹെല്‍പ്‍ലൈനിലേക്ക് കൈമാറിയിട്ടുണ്ട്.