അപകടത്തില്‍പെട്ട സഹയാത്രികയെ സഹായിക്കാത്ത യുവാവിനെതിരെ കോടതി കൊലപാതക കുറ്റം ചുമത്തി

ന്യൂയോര്‍ക്ക്: അപകടത്തില്‍പെട്ട സഹയാത്രികയെ സഹായിക്കാത്ത യുവാവിനെതിരെ കോടതി കൊലപാതക കുറ്റം ചുമത്തി . ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ ക്വീന്‍സ് ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. ഒക്ടോബറില്‍ ഉണ്ടായ അപകടത്തില്‍ ആഡംബര കാറിന് തീപിടിച്ചപ്പോള്‍ സഹയാത്രികയെ രക്ഷിക്കാന്‍ ശ്രമിക്കാതെ മറ്റൊരു വാഹനത്തില്‍ കയറിപോയ ഇരുപത്തിമൂന്നുകാരന്‍ സയീദ് മുഹമ്മദിനെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്. 

ദേശീയ പാതയില്‍ കാറിന് തീപിടിച്ചാണ് സയീദിന്റെ സുഹൃത്ത് കൂടിയായ ഹര്‍ലീന്‍ ഗ്രീവാള്‍ കൊല്ലപ്പെടുന്നത്. തീ പടര്‍ന്ന് പിടിച്ച കാറില്‍ നിന്ന് പുറത്ത് വന്ന സയീദ് മറ്റൊരു വാഹനത്തില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ സയീദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അറസ്റ്റിലാവുന്നത്. 

എന്നാല്‍ അപകടത്തില്‍ പെട്ടപ്പോള്‍ പെട്ടന്ന് എന്ത് ചെയ്യണമെന്ന് അറിയാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ലെന്നാണ് സയീദിന്റെ വാദം. കുറ്റം തെളിയിക്കപ്പെട്ടാല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ് സയീദിനെതിരെ ചുമത്തിയിരിക്കുന്നത്. ബ്രൂക്ക്ലിന്‍ ഹൈക്കോടതിയുടെ തീരുമാനം.