Asianet News MalayalamAsianet News Malayalam

ജൂലിയന്‍ അസാഞ്ചെയ്‌ക്കെതിരായ മാനഭംഗക്കേസ് സ്വീഡന്‍ അവസാനിപ്പിച്ചു

Julian Assange Sweden drops rape investigation
Author
First Published May 19, 2017, 10:19 AM IST

സ്‌റ്റോക്ക്‌ഹോം: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്‌ക്കെതിരായ മാനഭംഗക്കേസ് സ്വീഡന്‍ അവസാനിപ്പിച്ചു. അന്വേഷണവുമായി മുന്നോട്ടുപോകുന്നില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഡയറക്ടര്‍ മരിയാനെ നൈ വെള്ളിയാഴ്ച വ്യക്തമാക്കി. ഏഴു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനിടെയാണ് അസാഞ്ചെയ്ക്ക് സ്വീഡനില്‍ നിന്ന് ആശ്വാസ നടപടിയുണ്ടാകുന്നത്. 

2010ല്‍ മാനഭംഗക്കേസില്‍ പെട്ടതിനെ തുടര്‍ന്ന് ലണ്ടനിലേക്ക് കടന്ന അസാഞ്ചെ ഇക്വഡോറിന്റെ എംബസിയില്‍ അഭയം തേടുകയായിരുന്നു. 2012 മുതല്‍ എംബസിയിലാണ് അസാഞ്ചെ  അഭയാര്‍ത്ഥിയായി കഴിയുന്നത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം അസാഞ്ചെ നിഷേധിച്ചിരുന്നു. സ്വീഡീഷ് പ്രോസിക്യുട്ടറുടെ സാന്നിധ്യത്തില്‍ നവംബറില്‍ അസാഞ്ചെയെ ചോദ്യം ചെയ്തിരുന്നു. ബലാത്സംഗം നടന്നിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും അസാഞ്ചെ അപ്പോഴും വ്യക്തമാക്കി. 

അമേരിക്കയുമായുള്ള നയതന്ത്ര, സൈനിക രഹസ്യങ്ങള്‍ വിക്കിലീക്‌സ് വഴി പുറത്തുവിട്ടതോടെയാണ് അസാഞ്ചെ നോട്ടപ്പുള്ളിയായത്. സ്വീഡനില്‍ തങ്ങിയാല്‍ തന്നെ പിടികൂടി അമേരിക്കയ്ക്ക് കൈമാറുമെന്ന ഭയമാണ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടാന്‍ അസാഞ്ചെയെ പ്രേരിപ്പിച്ചത്. വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ അമേരിക്കന്‍ ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനിടെയാണ് അസാഞ്ചെയ്‌ക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതികള്‍ മുന്നോട്ടുവന്നത്. 

എന്നാല്‍ അസാഞ്ചെയ്‌ക്കെതിരെ ഇപ്പോഴും ബ്രിട്ടണില്‍ കേസ് നിലവിലുണ്ടെന്ന് ബ്രിട്ടീഷ് പോലീസ് വ്യക്തമാക്കി. ജയില്‍ ചാടിയതുമായി ബന്ധപ്പെട്ടാണ്. സ്വീഡന്‍ അന്വേഷണം ഉപേക്ഷിച്ച സാഹചര്യത്തില്‍ ഈ കേസിന് ഇനി പ്രസക്തിയുണ്ടോയെന്ന് വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios