ജഡ്ജിയായിരുന്ന ബി എച്ച് ലോയയുടെ മരണം കൊലപതാകമാണെന്ന ഹർജിയിൽ വാദം കേൾക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതിയിലെ ജഡ്ജിമാർ. ജഡ്ജിമാരായ സ്വപ്ന ജോഷി, എസ്.ബി ഷൂക്കറെ, എസ്.എം.മോദക്ക് എന്നിവരാണ് വാദം കേള്‍ക്കാന്‍ വിസമ്മതിച്ചത്.
ദില്ലി: ജസ്റ്റിസ് ബി. എച്ച്. ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും റേഡിയോ ആക്ടീവ് ഐസോടോപ്പിന്റെ സഹായത്തോടെ നടത്തിയ കൊലപതാകമാണെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ വാദം കേൾക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതിയിലെ ജഡ്ജിമാർ. ബോംബൈ ഹൈക്കോടതിയിൽ അഭിഭാഷകൻ സതീഷ് ഉകെ നൽകിയ ഹർജിയിൽ വാദം കേൾക്കാനാണ് ജഡ്ജിമാർ വിസമ്മതിച്ചത്.
ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനു മുൻപാകെ സമർപ്പിച്ച ഹർജിയിലാണ് ഇതുവരെ വാദം കേൾക്കാൻ കഴിയാത്തത്. ജഡ്ജിമാരായ സ്വപ്ന ജോഷി, എസ്.ബി ഷൂക്കറെ, എസ്.എം.മോദക്ക് എന്നിവരാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. നവംബർ 22 നാണ് നാഗ്പൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ സതീഷ് ഉകെ ഹർജി നൽകിയത്. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഉന്നതനായ ഒരു വ്യക്തി ജഡ്ജി ലോയയ്ക്കുമേല്‍ സമര്‍ദ്ദം ചെലുത്തിയിരുന്നു. ഇക്കാര്യം വിശദീകരിച്ച് 2014 ഒക്ടോബറില്‍ റിട്ടയേര്‍ഡ് ജഡ്ജി പ്രകാശ് തോംബ്രേയും അഭിഭാഷകനായ ശ്രീകാന്ത് ഖഡല്‍ക്കറും വഴി ജഡ്ജി ലോയ തന്നെ സമീപിച്ചിരുന്നതയും സതീഷ് ഹർജിയിൽ പറയുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് ഉള്‍പ്പെടെയുള്ള ഉന്നതരാണ് ഭീഷണിപ്പെടുത്തുന്നത് എന്ന് ലോയ തന്നോട് വെളിപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നുണ്ട്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും നാഗ്പൂര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അദ്ദേഹം ആരോപിക്കുന്നു.
