ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അടുത്ത ചീഫ് ജസ്റ്റിസ് ആയേക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ ചീഫ് ജസ്റ്റിസ് ആക്കാൻ കേന്ദ്രസർക്കാരിനോടു ശുപാർശ ചെയ്തു. പരസ്യകലാപം കാരണമാക്കി ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ മറികടന്ന് മറ്റൊരാളെ ചീഫ് ജസ്റ്റിസാക്കും എന്ന അഭ്യൂഹത്തിന് അവസാനമാകുകയാണ്.

ദില്ലി: ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അടുത്ത ചീഫ് ജസ്റ്റിസ് ആയേക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ ചീഫ് ജസ്റ്റിസ് ആക്കാൻ കേന്ദ്രസർക്കാരിനോടു ശുപാർശ ചെയ്തു.

ജഡ്ജി ബിഎച്ച് ലോയയുടെ കേസ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബഞ്ചിലേക്ക് നല്‍കിയത് പ്രതിഷേധത്തിന് കാരണമാണോ. ഈ ചോദ്യത്തിന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അതെ എന്ന ഉത്തരം ജുഡീഷ്യറിയിൽ കൊടുങ്കാറ്റായി. ജനുവരി പന്ത്രണ്ടിന് നടന്ന നാലു ജഡ്ജിമാരുടെ ആ അസാധാരണ വാർത്താസമ്മേളനത്തിൽ ചീഫ് ജസ്റ്റിസിനെതിരെ നിലപാടെടുത്ത ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് നിവിൽ സീനിയോറിറ്റിയിൽ രണ്ടാമൻ. പരസ്യകലാപം കാരണമാക്കി ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ മറികടന്ന് മറ്റൊരാളെ ചീഫ് ജസ്റ്റിസാക്കും എന്ന അഭ്യൂഹത്തിന് അവസാനമാകുകയാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പേര് നിയമമന്ത്രാലയത്തോട് ശുപാർശ ചെയ്തു.

സീനിയോറിറ്റി ചൂണ്ടിക്കാട്ടിയാണ് ശുപാർശ. അടുത്ത മാസം രണ്ടിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി പൂർത്തിയാകുന്നത്. മൂന്നാം തിയതി പുതിയ ചീഫ് ജസ്റ്റിസിന്‍റെ സത്യപ്രതിജ്ഞ നടക്കും. ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസായാൽ അടുത്ത വർഷം നവംബർ വരെ ആ സ്ഥാനത്ത് തുടരും. കേന്ദ്രസർക്കാർ തീരുമാന പ്രകാരം രാഷ്ട്രപതിയാണ് നിയമന ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. മുമ്പ് രണ്ടു തവണ സീനിയോറിറ്റി മറികടന്ന് ചീഫ് ജസ്റ്റിസുമാരെ നിയമിച്ച ചരിത്രമുണ്ട്. കേന്ദ്രസർക്കാർ തീരുമാനം പതിനഞ്ചിനകം ഉണ്ടാകും.