ഡിജിപി ഓഫീസിന് മുന്നിലെ സംഘര്‍ഷത്തിന്റെ പേരില്‍ റിമാന്‍ഡിലായ കെ എം ഷാജഹാനെ സി ഡിറ്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് മഹിജക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കെഎം ഷാജഹാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജാമ്യം നല്‍കിയില്ലെങ്കില്‍ നിരാഹാര സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ പറഞ്ഞു.

കെഎം ഷാജഹാനെ വിടാതെ സര്‍ക്കാര്‍. വിവാദമായ അറസ്റ്റിന് പിന്നാലെ ഷാജഹാനെ സി ഡിറ്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സി ഡിറ്റിലെ സയന്റിഫിക് ഓഫീസറായ ഷാജഹാനെ 48 മണിക്കൂറിലേറെ കസ്റ്റഡിയില്‍ തുടരുന്നതിനാല്‍ കേരള സര്‍വ്വസീ ചട്ടപ്രകാരം നടപടി എടുത്തുവെന്നാണ് ഔദ്യോഗിക വിശദീകരണം. മജിസ്‍ട്രേറ്റിന്റെ അനുമതിയോടെ എല്‍എല്‍ബി പരീക്ഷ എഴുതാനെത്തിയ കെഎം ഷാജഹാന്‍ വിവാദമായ അറസ്റ്റിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം ഷാജാഹാന്റെ അമ്മ എല്‍ തങ്കമ്മ വീട്ടില്‍ നടത്തുന്ന നിരാഹാരസമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

ഷാജഹാന്റെ മോചനത്തിനായി പ്രതിപക്ഷം രംഗത്തെത്തിയപ്പോള്‍ ഇത് വലിയ പ്രശ്‍മല്ലെന്നാണ് മന്ത്രി ജി സുധാകന്റെ വാദം.

റിമാന്‍ഡിലുള്ള എസ് യുസിഐ പ്രവര്‍ത്തകരായ ഷാജി‌ര്‍ഖാന്‍ ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവരെ വിട്ടയക്കുമെന്നായിരുന്നു ജിഷ്ണുവിന്റെ ബന്ധുക്കളും സര്‍ക്കാര്‍ പ്രതിനിധികളുമായുണ്ടാക്കിയ ധാരണയിലൊന്ന്. കെ എം ഷാജഹാന്റെ കാര്യം ധാരണയില്‍ ഉള്‍പ്പെടുത്തിയില്ല. ധാരണയുടെ പകര്‍പ്പ് ഇതുവരെ മാധ്യമങ്ങള്‍ക്കും നല്‍കിയില്ല. ഷാജഹാനും ഷാജി‌ര്‍ഖാനും തോക്ക് സ്വാമിയുമടക്കം എല്ലാവരെയും കൂടുതല്‍ ചോദ്യം ചെയ്യണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. നാല് പേരെയും നാല് മണിക്കൂര്‍ ചോദ്യം ചെയ്യാനും ഷാജഹാനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാനും തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് കോടതി അനുമതി നല്‍കി. ഷാജഹാനും ഷാജി‌ര്‍ഖാനും അടക്കമുള്ള അഞ്ച് പേരുടേയും ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. എല്ലാവര്‍ക്കുമെതിരെ ചുമത്തിയത് ഗൂഡാലോചനാ കുറ്റം. അഞ്ചില്‍ മൂന്ന് പേരെ ഒഴിവാക്കി രണ്ട് പേര്‍ക്കെതിരെ മാത്രം ഇനി ഗൂഡാലോചനാ കുറ്റം നിലനില്‍ക്കുമോ എന്നും സംശയമുണ്ട്.