പതിയെ സൈക്കിള്‍ ചവിട്ടി മഹാരാജാസ് മെട്രോ സ്റ്റേഷനിലേക്ക്.
എറണാകുളം: എറണാകുളം ജില്ല കളക്ടര് ഇന്ന് ഓഫീസിലെത്തിയത് സൈക്കിളിലും മെട്രോയിലും ബസ്സിലും സഞ്ചരിച്ചാണ്. പൊതുഗതാഗത സംവിധാനത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായിരുന്നു ഈ യാത്രകള്. രാവിലെ 9.10 എറണാകുളം കളക്ടര് കെ മുഹമ്മദ് വൈ. സഫീറുള്ള മഹാരാജാസിനടുത്തുള്ള ക്യാമ്പ് ഓഫീസില് നിന്നും സൈക്കിളില് കയറി. പതിയെ സൈക്കിള് ചവിട്ടി മഹാരാജാസ് മെട്രോ സ്റ്റേഷനിലേക്ക്.
സ്റ്റേഷനില് നിന്നും മെട്രോയില് കയറി കലൂരിലേക്ക്. മുന്കളക്ടര് എം.പി.ജോസഫ് ഉള്പ്പെടെയുള്ളവര് കളക്ടറോടൊപ്പം മെട്രോയില്. കല്ലൂര് മെട്രോ സ്റ്റേഷനില് ഇറങ്ങിയ കളക്ടറും സംഘവും അടുത്തതായി ബസ്സില് കയറി. ടിക്കറ്റെടുത്തു. സീറ്റില്ലാത്തതിനാല് യാത്രയില് ഭൂരിഭാഗവും ബസ്സില് നില്ക്കേണ്ടി വന്നു.
കാക്കനാട് അടുക്കാറായപ്പോള് ഒഴിഞ്ഞ സീറ്റുകളലിലൊന്നില് ഇരുന്നു. 10.05 ആയപ്പോള് കളക്ടറേറ്റിനടുത്തുള്ള സ്റ്റോപ്പില് കളക്ടര് ഇറങ്ങി. പൊതു ഗതാഗത സംവിധാനത്തിലെത്തിയിട്ടും അധികം വൈകാതെ ഓഫീസിലെത്തിയതിന്റെ ആശ്വാസത്തിലായിരുന്നു അദ്ദേഹം. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ഇത്തരത്തില് യാത്ര ചെയ്യാനുള്ള ശ്രമത്തിലാണ് എറണാകുളം കളക്ടര് കെ മുഹമ്മദ് വൈ. സഫീറുള്ള.
