Asianet News MalayalamAsianet News Malayalam

നിര്‍മാല്യം എതിര്‍ക്കപ്പെടാതിരുന്നത് അന്ന് ഹിന്ദുസംഘടനകള്‍ ശക്തമല്ലാത്തതിനാലെന്ന് കെ പി ശശികല

K P Sasikala against Nirmalyam
Author
First Published May 26, 2017, 12:12 PM IST

എംടി വാസുദേവന്‍നായരുടെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല. അതു കൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്ന രംഗം എതിര്‍ക്കപ്പെടാതെ പോയതെന്നും ശശികല പറഞ്ഞു.  മാവേലിക്കരയില്‍ ഹിന്ദുഅവകാശ സംരക്ഷണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു ശശികലയുടെ പരാമര്‍ശങ്ങള്‍. ലോക ഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റെതായ പവിത്രതയുണ്ട്. ഏതൊരാള്‍ക്കും ഉളളത് പോലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യാസനും ഹിന്ദുഐക്യവേദിക്കുമുണ്ട്. അതുകൊണ്ടുതന്നെ എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

സ്വന്തം ചെറുകഥയായ പള്ളിവാളും കാല്‍ച്ചിലമ്പും ആസ്പദമാക്കി 1973ലാണ് എംടി നിര്‍മാല്യം എന്ന സിനിമ ഒരുക്കുന്നത്. ചിത്രം മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ ചിത്രത്തില്‍ വെളിച്ചപ്പാടായി അഭിനയിച്ച പി.ജെ ആന്റണിക്ക് മികച്ച നടനുളള അവാര്‍ഡും ലഭിച്ചു.

നിര്‍മാല്യം സിനിമയുടെ ക്ലൈമാക്‌സ് ഇന്നാണ് എടുത്തതെങ്കില്‍ തല പോകുമെന്ന് എം.ടി. മാതൃഭൂമി ഓണപ്പതിപ്പില്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. നിര്‍മാല്യത്തിന്റെ അവസാന രംഗത്ത് ഗുരുതി കഴിക്കവെ ഉറഞ്ഞുതുള്ളി തല വെട്ടിപ്പൊളിച്ച് വെളിച്ചപ്പാട് ഭഗവതിയുടെ നേര്‍ക്ക് ആഞ്ഞുതുപ്പുന്നുണ്ട്. വെളിച്ചപ്പാടിന്റെ ഈ ഉറഞ്ഞുതുള്ളലിനെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു എംടിയുടെ മറുപടി. പിന്നീട് പല പൊതു ചടങ്ങുകളിലും തന്റെ ഈ അഭിപ്രായം എം ടി ആവര്‍ത്തിച്ചിരുന്നു.

 

 

 

Follow Us:
Download App:
  • android
  • ios