2016 സെപ്റ്റംബര്‍ അഞ്ചിനാണ് കെ പത്മകുമാറിനെ മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റുചെയ്തത്. ഒരു ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. എന്നാല്‍ പത്മകുമാറിന്റെ അറസ്റ്റ് ചട്ടം പാലിച്ചല്ലെന്നും, സസ്‌പെന്‍ഷന്‍ ന്യായമല്ലെന്നും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി നിലപാടെടുത്തു. 

അറസ്റ്റ് അനിവാര്യമായിരുന്നില്ല എന്ന് നിയമ സെക്രട്ടറിയും അറിയിച്ചു. പക്ഷേ ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയപ്പോള്‍, കെ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. നടപടികള്‍ക്കായി വ്യവസായ വകുപ്പിലേക്കയച്ച ഫയലില്‍ പക്ഷേ, അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഒരിക്കല്‍ക്കൂടി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. അറസ്റ്റുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ സസ്‌പെന്‍ഷന്‍ നിലനില്‍ക്കില്ലെന്നായിരുന്നു പോള്‍ ആന്റണിയുടെ നിലപാട്.

തുടര്‍ന്ന് ഫയല്‍ വീണ്ടും നിയമസെക്രട്ടറിയുടെ മുന്നിലെത്തി. എന്നാല്‍ 48 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെ നിയമവകുപ്പ് അനുകൂലിച്ചു. തുടര്‍ന്നാണ് കെ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങിയത്.