Asianet News MalayalamAsianet News Malayalam

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന കെ. സുരേന്ദ്രന്‍റെ എഫ്ബി പോസ്റ്റ് അപ്രത്യക്ഷം

അയ്യപ്പന്‍ നെെഷ്ഠിക ബ്രഹ്മചാരിയായത് കൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ഥമില്ലെന്നായിരുന്നു അന്ന് സുരേന്ദ്രന്‍ കുറിച്ചത്

k surendran deleted fb post which supporting women entry in sabarimala
Author
Kasaragod, First Published Oct 4, 2018, 8:57 PM IST

കാസര്‍കോഡ്: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ബിജെപി പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതോടെ മുന്‍ നിലപാട് വ്യക്തമാക്കുന്ന എഫ്ബി പോസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മുക്കി. മുമ്പ് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് സുരേന്ദ്രന്‍ നീക്കം ചെയ്തത്.

എന്നാല്‍, ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അയ്യപ്പന്‍ നെെഷ്ഠിക ബ്രഹ്മചാരിയായത് കൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ഥമില്ലെന്നായിരുന്നു അന്ന് സുരേന്ദ്രന്‍ കുറിച്ചത്. ആര്‍ത്തവം പ്രകൃതി നിയമമാണെന്നും അതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്നും അന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ദേവസ്വം ബോര്‍ഡിനെ അന്ന് ബിജെപി നേതാവ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ നിലപാടെല്ലാം തിരുത്തി കഴിഞ്ഞ ദിവസം എഫ്ബിയില്‍ അദ്ദേഹം പുതിയ പോസ്റ്റ് ഇട്ടിരുന്നു. ശബരിമല വിധി നടപ്പാക്കൽ പിണറായി സർക്കാരിന് എളുപ്പമാവില്ലെന്നും അതില്‍ നിന്ന് പിൻമാറുന്നതായിരിക്കും സർക്കാരിനു നല്ലതെന്നാണ് പുതിയ നിലപാട്.

അല്ലെങ്കിൽ വിശ്വാസികളുടെ രോഷാഗ്നിയിൽ ഈ സർക്കാരും സിപിഎമ്മും ചാമ്പലാകുമെന്നും സുരേന്ദ്രന്‍ കുറിച്ചു. നേരത്തെ, ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള മുൻനിലപാട് ആർഎസ്എസ് മയപ്പെടുത്തിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാനസർക്കാർ തിരക്കു കൂട്ടുകയാണെന്ന് ആർഎസ്എസ് കുറ്റപ്പെടുത്തുന്നു. സർക്കാർ അയ്യപ്പഭക്തരുടെ നിലപാട് കണക്കിലെടുക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്റെ 2016ലെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്.

പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോൾ ഭക്തർക്കു ദർശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായകരമാവുമെങ്കിൽ ഈ നിർദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം. തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഢസംഘം അവിടെ നടത്തുന്നത്. വൻതോതിൽ ചൂഷണം ഭക്തർ നേരിടുന്നുണ്ട്.

പിന്നെ ആർത്തവകാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദർശനസമയത്ത് ദേഹശുദ്ധിയും മനഃശുദ്ധിയും വേണം. നാൽപത്തി ഒന്നു വ്രതം എടുക്കുന്നതിനിടയിൽ ഒരു ആർത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉത്സവാനന്തരം നടത്തുന്ന പ്രശ്നചിന്തയിൽ തന്നെ തെളിയുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്.

ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. സെമിറ്റിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാറ്റങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്റ്റുകളും അവരുടെ രാഷ്ട്രീയ യജമാനൻമാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന് എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്.

പുതിയ പോസ്റ്റ് ഇങ്ങനെ

Follow Us:
Download App:
  • android
  • ios