തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് വധഭീഷണി ഉണ്ടെന്ന് കെ.സുരേന്ദ്രൻ. പാർട്ടി ഓഫീസിലേക്ക് ഭീഷണിക്കത്ത് വന്നിരുന്നു. ഡിജിപിക്ക് പരാതി നൽകിയിട്ടും പൊലീസ് ഇതിനെ ലാഘവത്തോടെ കാണുന്നുവെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു. 

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. ലുക്ക് ഔട്ട് നോട്ടീസ്, കോടതിയുടെ നോട്ടീസ് എന്നിവ ഇല്ലാതെ നിരപരാധികളായ ഭക്തരുടെ ഫോട്ടോ പ്രസിദ്ധീകരിക്കാൻ പൊലീസിന് അധികാരമില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പൊലീസിന്‍റെ കയ്യേറ്റത്തിന്‍റെ ഭാഗമായാണ് ശിവദാസൻ എന്ന ഭക്തൻ മരിച്ചതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.