സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.വി തോമസ്

തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരനെ അപമാനിച്ച മുഖ്യമന്ത്രി കേരളത്തോട് മാപ്പ് പറയണമെന്ന് കെ.വി തോമസ് എം.പി. കൊച്ചി മെട്രോയുൽ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കുന്നുവെന്നാരോപിച്ച് സമരം നടത്തിയ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.വി തോമസ് എം.പി വ്യക്തമാക്കി. 

ലൈറ്റ് മെട്രോയില്‍നിന്ന് പിന്മാറുന്നതായി അറിയിച്ച് ഈ ശ്രീധരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ സമയം ചോദിച്ചിട്ടും മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ഡി.എം.ആര്‍.സിയെ മാറ്റി മറ്റ് ഏതെങ്കിലും ഏജന്‍സികളെ പദ്ധതി ഏല്‍പ്പിക്കുന്നതിനെപ്പറ്റി കഴിഞ്ഞ ഡിസംബറില്‍ കെ.എം.ആര്‍.എല്‍ യോഗത്തില്‍ ആലോചനകള്‍ നടന്നതായി അറിഞ്ഞു. ഉദ്ദ്യോഗസ്ഥരാണോ മന്ത്രിമാരാണോ ഇത് സംബന്ധിച്ച ആലോചനകള്‍ നടത്തിയതെന്ന് അറിയില്ല. അതോടെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണമെങ്കില്‍ പോലും ഒരു കണ്‍സള്‍ട്ടന്റ് വേണം. ഡി.എം.ആര്‍.സിയെ ആവശ്യമില്ല എന്നൊരു നിലപാടാണ് ഉയരുന്നത്. പദ്ധതിയുമായി വീണ്ടും സമീപിച്ചാല്‍ ഡി.എം.ആര്‍.സി ഏറ്റെടുക്കുക്കാന്‍ സാധ്യതയില്ല. താന്‍ ഉള്ളത് കൊണ്ടാണ് കേരളത്തിലെ ജോലികള്‍ ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതെന്നും തനിക്ക് ഇപ്പോള്‍ 86 വയസ്സായെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

വര്‍ഷം 300-350 കോടി രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകും. ഓരോ വര്‍ഷം കഴിയുമ്പോഴും പദ്ധതി ചിലവ് അഞ്ച് ശതമാനത്തോളം വര്‍ദ്ധിക്കും. തലശ്ശേരി മൈസൂര്‍ റെയില്‍വേ ലൈന്‍ അപ്രായോഗികമാണെന്ന് ഡി.എം.ആര്‍.സി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതാണ് സര്‍ക്കാര്‍, ഡി.എം.ആര്‍.സിയുമായി ഇടയാന്‍ കാരണമെന്നും ശ്രീധരന്‍ പറഞ്ഞു.