തിരുവനന്തപുരം: അതിരപ്പള്ളി, ചീമേനി വൈദ്യുതി പദ്ധതികള്‍ നടപ്പിലാക്കുമെന്ന പ്രസ്താവന വിവാദമായതിനു പിന്നാലെ തിരുത്തുമായി വൈദ്യുതി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ രംഗത്ത്. ഇടതുമുന്നണിയിലെ വിവിധ നേതാക്കള്‍ സംഭവത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുകയും ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രി മുന്‍ അഭിപ്രായം വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി നേരത്തെ ഇക്കാര്യം പറഞ്ഞിരുന്നത്.

ഇതാണ് ആ വീഡിയോ:

ഇതാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 
ചീമേനി വൈദ്യുതി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഞാന്‍ പറഞ്ഞതായും. അതെതുടര്‍ന്നുണ്ടായേക്കാമെന്ന് പറയപ്പെടുന്ന പരിസ്ഥിതിനാശത്തിന് എതിരെയും ചില കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പ്രചരണം നടക്കുന്നതായി അറിഞ്ഞു.

അവരോടായി ആദ്യം, പ്രസ്തുത പദ്ധതികള്‍ എന്നല്ല ചെറുതും വലുതുമായ മുഴുവന്‍ പദ്ധതികളും നടപ്പിലാക്കും മുമ്പും വിശദമായ പരിസ്ഥിതിയാഘാത പഠനങ്ങള്‍ നടത്തുകയും, പ്രദേശത്തെ ജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്ത് ആശങ്കകളകറ്റുകയും ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ മുന്നോട്ട് വച്ച പരിസ്ഥിതി സൗഹൃദ കേരളം എന്ന ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇക്കാര്യത്തിലുമുള്ള നിലപാട്. മണ്ണും ജലവും ജൈവവൈവിധ്യവും സംരക്ഷിച്ചും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പൊതുജനതിന്റെയും അഭിപ്രായം കണക്കിലെടുത്തും മാത്രമേ ഇത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയുള്ളൂ.


പരിസ്ഥിതി വിഷയങ്ങളില്‍ കാലാകാലമായി കേരളം ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച സുവ്യക്തമായ നിലപാടുകള്‍ മറച്ച് പിടിച്ച്, ഞാന്‍ പറയാത്തൊരു കാര്യം പ്രചരിപ്പിക്കുന്നതും തികച്ചും ദൌര്‍ഭാഗ്യകരമാണ്.

ഈ പ്രചരണം നയിക്കുന്നവര്‍ സ്വന്തം നിഴലിനോടാണ് യുദ്ധം ചെയ്യുന്നതെന്ന് ഞാന്‍ വിനീതനായി ഓര്‍മ്മിപ്പിക്കട്ടെ. ഒന്നു കൂടി, അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥന.