ഒ.രാജഗോപാലിന്‍റെ ചോദ്യം; കിട്ടാത്ത ഫണ്ടിനെക്കുറിച്ച് മറ്റെന്ത് പറയാനാകുമെന്ന് കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

First Published 21, Mar 2018, 9:39 PM IST
Kadakampally Surendran facebook post
Highlights
  • സഹകരണമേഖലയ്ക്ക് ലഭ്യമായ തുകയെക്കുറിച്ച് ചോദ്യം
  • നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കടകംപള്ളി
     

തിരുവനന്തപുരം: സഹകരണമേഖലക്ക് ലഭ്യമായ തുകയെക്കുറിച്ച് നിയമസഭയില്‍ ഉയര്‍ന്ന് ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 2014 - 15 മുതല്‍ 2017-18 വരെ സഹകരണമേഖലക്ക് ലഭിച്ച് തുകയെക്കുറിച്ചാണ് എംഎല്‍എ ഒ രാജഗോപാല്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ തുകയൊന്നും ലഭിച്ചില്ലെന്നായിരുന്നു കടകംപള്ളിയുടെ മറുപടി. ഉത്തരവാദിത്വത്തോടെ നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ ഉറച്ച് നില്‍ക്കുന്നതായും എന്നാല്‍ അതുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാന്‍ പലരും ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

2014-15 മുതല്‍ 2017-18 വരെ സഹകരണമേഖലക്ക് എത്ര തുക കേന്ദ്ര ഫണ്ടായി ലഭിച്ചെന്ന നിയമസഭ ചോദ്യത്തിന് തുകയൊന്നും ലഭിച്ചില്ലെന്ന് സഭയില്‍ മറുപടി ഞാന്‍ നല്‍കിയിരുന്നു. ഉത്തരവാദിത്വത്തോടെ നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാന്‍ പലരും ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. 

സ്റ്റേറ്റ് ലിസ്റ്റില്‍ വരുന്ന വിഷയമാണ് സഹകരണം. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് പണം അനുവദിക്കാറില്ല. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന ചില പ്രത്യേക പദ്ധതികള്‍ക്ക് നീക്കിവയ്ക്കാറുള്ള ഫണ്ട് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാത്തതുമാണ്. ഉദാഹരണമായി കേരളത്തിന്റെ സഹകരണ മേഖലയുടെ സ്വാഭാവത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്ന വൈദ്യനാഥന്‍ കമ്മിറ്റി പാക്കേജുകള്‍ നമ്മള്‍ തള്ളികളഞ്ഞതാണ്. 

പിന്നെ എന്‍.സി.ഡി.സി, നബാര്‍ഡ് പോലുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്‍റിയോടെ നല്‍കുന്നത് വായ്പകളാണ്. ഈ വായ്പകള്‍ക്ക് 10 മുതല്‍ 12 ശതമാനം പലിശ നല്‍കേണ്ടതുണ്ട്. കാര്‍ഷിക വായ്പകള്‍ക്ക് 4.65 മുതല്‍ 10 ശതമാനത്തോളമാണ് പലിശ. എന്‍.സി.ഡി.സിയുടെ വെബ്സൈറ്റില്‍ ഈ വിവരങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.  പലിശയ്ക്ക് എടുക്കുന്ന പണം സംഘങ്ങള്‍ തിരിച്ചടച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പലിശയുള്‍പ്പടെ തിരിച്ചടയ്ക്കേണ്ടി വരും. ഇതിനെ എങ്ങനെയാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ടായി കണക്കാക്കാനാവുക? കൂടാതെ നോട്ട് നിരോധന സമയത്തുള്‍പ്പടെ കേരളത്തിന്റെ സഹകരണ മേഖലയെയാകെ തകര്‍ക്കാന്‍ ശ്രമിച്ച നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് നമുക്ക് മറക്കാനാവുമോ? 

കേരള സംസ്ഥാന ആസൂത്രണ കമ്മീഷന്റെ വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന കേരള സര്‍ക്കാരിന്റെ പഞ്ചവത്സര പദ്ധതിയുടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് “കേന്ദ്രഫണ്ട്.. കേന്ദ്രഫണ്ട്..” എന്ന് ചിലര്‍ അലമുറയിടുന്നത്. സംസ്ഥാന പഞ്ചവത്സരപദ്ധതിയെ കേന്ദ്രത്തിന്റെതായി തെറ്റിദ്ധരിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. കൂടാതെ 2014ല്‍ അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ പഞ്ചവത്സര പദ്ധതികളെ നിര്‍ജ്ജീവമാക്കിയിരുന്നു. 

സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനാകുന്നതല്ല നിയമസഭയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്നെങ്കിലും മനസിലാക്കുക. രേഖാമൂലം അതാത് വകുപ്പുകളില്‍ നിന്നും സമാഹരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്ലോറില്‍ നല്‍കുന്ന ഉത്തരങ്ങള്‍ തയാറാക്കുക.  ശ്രീ ഓ.രാജഗോപാല്‍ ഒരു ചോദ്യം നിയമസഭയില്‍ ഉന്നയിച്ചു, അത് ഉത്തര സഹിതം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു എന്നതല്ലാതെ ആരെയും പരിഹസിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. പരിഹാസമായി തോന്നുന്നത് കാര്യങ്ങള്‍ മനസ്സിലാകാതെ, നിയമസഭയില്‍ ഞാനെന്തോ കള്ളം പറഞ്ഞു എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കാണ്. സഹകരണ മേഖലക്ക് എത്ര തുക കേന്ദ്ര ഫണ്ടായി ലഭിച്ചെന്നായിരുന്നു അദേഹം ചോദിച്ചത്. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും ഫണ്ടല്ല, ധനകാര്യ  ഏജന്‍സികളില്‍ ‘വായ്പകളാണ്’ ആകെ ലഭിച്ചിട്ടുള്ളത്. എത്ര തുക വായ്പയായി കേന്ദ്രത്തില്‍ നിന്നും ലഭിച്ചു, അതില്‍ എത്ര തിരിച്ചടച്ചു എന്നായിരുന്നു അദേഹം ചോദിച്ചതെങ്കില്‍ അതിനുള്ള മറുപടി നല്‍കാന്‍ സാധിക്കുമായിരുന്നു. കിട്ടാത്ത ഫണ്ടിനെ കുറിച്ച് മറ്റെന്താണ് പറയാനാവുക?

 

loader