ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധം അതിര് കടക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭരണഘടന സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധം അതിര് കടക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭരണഘടന സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

സ്ത്രീപ്രവേശനത്തിന് എതിരായ പ്രതിഷേധ സമരത്തെ ബിജെപി ഹൈജാക്ക് ചെയ്തുവെന്നും സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എൻഎസ്എസ് റിവ്യൂ ഹർജി നൽകിയത് നല്ല നീക്കം. മതവും ജാതിയും അനുഷ്ഠാനവുമെല്ലാം ഭരണഘടനയ്ക്ക് താഴെയാണെന്നും ദേവസ്വം മന്ത്രി.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിണമെന്നാവശ്യപ്പെട്ട് യുവമോർച്ചാ പ്രവർത്തകർ തിരുവനന്തപുരത്തെ കടകംപള്ളി സുരേന്ദ്രന്‍റെ വസതിയിലേക്ക് മാർച്ചിൽ നടത്തിയിരുന്നു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലേറിഞ്ഞു. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മാര്‍ച്ചിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ ശരണം വിളികളുമായി റോഡിലിരുന്ന് പ്രതിഷേധിച്ചു. അഞ്ഞൂറോളം പ്രവർത്തകർ സംഗീതകോളേജിൽ നിന്ന് തുടങ്ങിയ മാർച്ചിൽ അണിനിരന്നു.