എന്‍എസ്എസിന്‍റെ നിലപാട് കലാപകാരികളെ സംരക്ഷിക്കുന്നതാണെന്നും സുകുമാരന്‍ നായരുടെ വാക്കുകള്‍ കലാപാഹ്വാനം പോലെയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ 

തിരുവനന്തപുരം: എന്‍എസ്എസിന്‍റെ നിലപാട് കലാപകാരികളെ സംരക്ഷിക്കുന്നതാണെന്നും സുകുമാരന്‍ നായരുടെ വാക്കുകള്‍ കലാപാഹ്വാനം പോലെയാണെന്നും കടകംപള്ളി സുരേന്ദ്രന്‍. ഇത് അത്ഭുതപ്പെടുത്തുന്നുവെന്നും വിശ്വാസം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

വളരെ വലിയ നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എന്‍എസ്എസ്. ജാതി മത വിവേചനങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളില്‍ വലിയ താല്‍പ്പര്യത്തോടെ എന്‍എസ്എസ് പങ്കെടുത്തിട്ടുണ്ട്. മതത്തിന്‍റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും അരാജകത്വം ഉണ്ടാക്കുകയും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് അധികാരത്തില്‍ എത്താന്‍ വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ഒരു കക്ഷിയാണ് ബിജെപിയും ആര്‍എസ്എസും. അവരെ പിന്തുണക്കുന്ന ഒരു സമീപനവും എന്‍എസ്എസ് സ്വീകരിക്കാന്‍ പാടില്ലെന്നും കടകംപള്ളി പറഞ്ഞു.

യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഇപ്പോള്‍ നടന്നുവരുന്നതെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത്.

ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് ഏത് ഹീനമാര്‍ഗ്ഗത്തിലൂടെയും പാര്‍ട്ടി നയം നടപ്പാക്കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സമാധാനപരമായി പരിഹരിക്കാവുന്ന വിഷയം സങ്കീര്‍ണമാക്കിയത് സര്‍ക്കാരാണ്. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കുക, ഹൈന്ദവ ആചാര്യന്‍മാരെ ആക്ഷേപിക്കുക വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക ഇതെല്ലാമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Read More: കലാപത്തിന് ഉത്തരവാദി സർക്കാർ, നിരീശ്വരവാദം നടപ്പാക്കാൻ ശ്രമം: കടകംപള്ളി