തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടകൊലക്കേസ് പ്രതി കേഡല്‍ മാതാപിതാക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി മൊഴി നല്‍കി. ഒരു മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാനായിരുന്നു ശ്രമിച്ചെന്നും കേഡല്‍. ആള്‍ദൈവങ്ങളിലും അനാചാരങ്ങളിലും വിശ്വാസിച്ചിരുന്ന കേഡല്‍ നടത്തിയ ക്രൂരതയുടെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

അച്ഛനമ്മമാരെയും കൂടപ്പിറപ്പിനെയും ബന്ധുവിനെയും കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിനൊടുവിലെന്ന് സമ്മതിക്കുന്നു കേഡല്‍.
ഒരു മാസം മുമ്പ് കൊലപാതക ശ്രമം നടന്നിരുന്നുവെന്നാണ് പുതിയ മൊഴി. ബ്രഡില്‍ വിഷം നല്‍കിയെങ്കിലും, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ അടിയന്തര ചികിത്സ തേടിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഭക്ഷ്യവിഷബാധയെന്നാണ് ബന്ധുക്കളുടെ നിഗമനം. അപ്പോഴും കേഡലില് ഒരു സംശയവും മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല.

കൊല നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും നടുക്കം മാറാതെ പകച്ചു നില്‍ക്കുകയാണ് ബന്ധുക്കള്‍. അമാനുഷിക ശക്തികളില്‍ താല്പര്യം കാണിച്ചിരുന്ന കേഡലില്‍ സ്‌കൂള്‍ പഠനകാലത്തിന് ശേഷമാണ് വിചിത്ര സ്വാഭാവം പ്രകടിപ്പിച്ച് തുടങ്ങിയത് എന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. എന്നും വ്യത്യസ്തനായിരുന്നു കേഡല്‍, വാഹനമോടിക്കില്ല, സോഷ്യല്‍ മീഡിയകളിലോ നേരിട്ടോ സുഹൃത്ത് വലയങ്ങളും ഉണ്ടായിരുന്നില്ല.

കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് കടന്നു കളഞ്ഞ കേഡലിന്റെ തെളിവെടുപ്പ് തുടരുകയാണ്. നാളെ കേഡലിനെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കും. പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത് എങ്കിലും അന്വേഷണവുമായി കേഡല്‍ സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഇഷ്ടഭക്ഷണമായ ഷവര്‍മ്മയും ജ്യൂസും നിരന്തരം ആവശ്യപ്പെടുന്ന കേഡല്‍, സഹോദരിയെ കുറിച്ച് പറയുമ്പോള്‍ മാത്രമാണ് വിതുമ്പുന്നത്.