വിവാദമായ ശ്‍മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലാണ് കമല്‍ സി കത്തിച്ചത്. ഈ നോവലിലേയും, എഴുതിക്കൊണ്ടിരിക്കുന്ന നോവലിലേയും ചില പരാമര്‍ശങ്ങള്‍ കമല്‍ ഫേസ്‍ബുക്കിലിട്ടതോടെയാണ് വിവാദമായത്. ദേശീയ ഗാനത്തെ അവഹേളിച്ചെന്നാരോപിച്ച് കമല്‍സിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിച്ചു. നടപടികള്‍ അവസാനിപ്പിച്ചുവെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും ഭീഷണി തുടരുകയാണെന്ന് കമല്‍സി പറയുന്നു. തന്നെയും കുടംബത്തേയും ഇനിയും വേട്ടയാടരുതെന്നഭ്യര്‍ത്ഥിച്ചാണ് ശ്‍മശാനങ്ങളുടെ നോട്ടുപുസ്തകം കത്തിച്ചത്.

ശ്‍മശാനങ്ങളുടെ നോട്ട് പുസ്തകത്തിനൊപ്പം മനുസ്മൃതിയുടെ പകര്‍പ്പുകളും കത്തിച്ചു. ഫറൂഖ് കോളേജിലെ വിദ്യാര്‍ത്ഥി നേതാവ് ദിനുവിന്റെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്. യൂത്ത്‍ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും കമല്‍സിക്ക് അഭിവാദ്യമറിയിച്ചു. ഇതിനിടെ കമല്‍സി ചവറക്കെതിരായ കേസില്‍ തുടര്‍ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നറിയിച്ച് ഡി.ജി.പി വാര്‍ത്താക്കുറിപ്പിറക്കി. കമല്‍സിക്കെതിരെ 124.എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസും, യു.എ.പി.എ ചുമത്തിയ മറ്റ് കേസുകളും പോലീസ് ആസ്ഥാനത്ത് പുനഃപരിശോധന നടത്തുകയാണെന്ന് വാര്‍ത്താകുറിപ്പില്‍ ഡി.ജി.പി വ്യക്തമാക്കുന്നു.