ചെന്നൈ: പരിസ്ഥിതിനാശം നേരിടുന്ന ചെന്നൈയിലെ എന്നൂർ തുറമുഖപ്രദേശം നടൻ കമൽഹാസൻ സന്ദർശിച്ചു. എന്നൂരിനടുത്ത് കഴിയുന്ന ജനങ്ങളോട് നേരിട്ട് സംസാരിയ്ക്കാനും കമൽ എത്തി. രാഷ്ട്രീയപാർട്ടികൾക്കെതിരായ തുറന്ന വിമർശനങ്ങൾക്കു ശേഷം ജനകീയസമരമുഖത്തും സജീവമാകുകയാണ് കമൽഹാസൻ.
പ്രാന്തപ്രദേശങ്ങളിലെ വെള്ളക്കെട്ടുകളാണ് ചെന്നൈ നഗരത്തിന്‍റെ ഭൂഗർഭജലത്തിന്‍റെ സൂക്ഷിപ്പുകാർ. അവിടേയ്ക്കാണ് നഗരത്തിലെ വെള്ളമെല്ലാം ഒഴുകിയെത്തുന്നത്. രണ്ടുവർഷം മുൻപത്തെ മഴക്കാലത്ത് നഗരം പ്രളയത്തിൽ മുങ്ങിയതിന് ഒരു പ്രധാനകാരണം ഈ മേഖലയിലെ അനധികൃതകൈയേറ്റങ്ങൾ കൂടിയാണ്. എന്നൂരിൽ പ്രവർത്തിയ്ക്കുന്ന സർക്കാർ വക നോർത്ത് ചെന്നൈ, വള്ളൂർ താപവൈദ്യുതനിലയങ്ങൾ പുറത്തേയ്ക്ക് തള്ളുന്ന ചാരം ഇവിടത്തെ ജനങ്ങളുടെ ജീവിതവും ദുസ്സഹമാക്കുകയാണ്.
1090 ഏക്കർ ഭൂമിയാണ് കാമരാജർ തുറമുഖമടക്കം ഇവിടത്തെ സർക്കാർ കമ്പനികൾ നികത്തിയെടുത്തത്. എന്നൂരിലെ മത്സ്യത്തൊഴിലാളികൾക്ക് ഇന്ന് സമാധാനമായി കഴിയാൻ വീടോ പുഴയോ ഇല്ല. ഇവരുടെ ജനകീയസമരത്തിന് സകല പിന്തുണയും കമൽഹാസൻ വാഗ്ദാനം ചെയ്യുന്നു. പുലർച്ചെ എന്നൂരിലും സമീപപ്രദേശങ്ങളിലുമെത്തിയ കമൽ മത്സ്യത്തൊഴിലാളികളെയും കണ്ടു.
കാലങ്ങളായി കേന്ദ്ര, സംസ്ഥാനസർക്കാരുകൾ കണ്ണടയ്ക്കുന്ന ഒരു ജനകീയസമരത്തിന് കമൽ പിന്തുണ പ്രഖ്യാപിയ്ക്കുമ്പോൾ അതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. നേരത്തെ കർണാടകസംഗീതജ്ഞനും മഗ്സസെ അവാർഡ് ജേതാവുമായ ടി എം കൃഷ്ണയും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു.
