Asianet News MalayalamAsianet News Malayalam

കിഴക്കമ്പലം പഞ്ചായത്ത് രാഷ്ട്ര നിര്‍മ്മാണത്തിന് ഉദാഹരണം, ഈ മാതൃക തമിഴ്നാട്ടിലും പിന്തുടരും: കമല്‍ഹാസന്‍

ഗോഡ്സ് വില്ല എന്ന പേരില്‍ ഞാറല്ലൂര്‍ കോളനിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി പൂര്‍ത്തീകരിച്ച 37 വീടുകളുടെ താക്കോല്‍ദാന ചടങ്ങ് നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു കമല്‍ഹാസന്‍

kamal hassan praises kizhakkambalam panchayat
Author
Kochi, First Published Dec 5, 2018, 12:01 PM IST

കൊച്ചി: രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഉത്തമ ഉദാഹരണമാണ് കിഴക്കമ്പലം പഞ്ചായത്ത് എന്ന് മക്കള്‍ നീതി മയ്യം തലവനും നടനുമായ കമല്‍ഹാസന്‍. തമിഴ്‍നാട്ടിലും ഇതേ മാതൃക പിന്തുടരുമെന്നും പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഗോഡ്സ് വില്ല എന്ന പേരില്‍ ഞാറല്ലൂര്‍ കോളനിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി വിജയകരമായി പൂര്‍ത്തീകരിച്ച 37 വീടുകളുടെ താക്കോല്‍ദാന ചടങ്ങ് നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. 

നവരാഷ്ട്രീയ നേതാക്കളുടെ പ്രധാന ലക്ഷ്യം പണം സമ്പാദിക്കുന്നതിലുപരി രാഷ്ട്ര സേവനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പടിഞ്ഞാറെക്കുടി രാജി വേലായുധന് ആദ്യ താക്കോല്‍ നല്‍കി കമലഹാസന്‍ ഗോഡ്സ് വില്ലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കിറ്റെക്സ് ഗാര്‍മെന്‍റ്സ് എം ഡിയും ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

മക്കള്‍ നീതി മയം അംഗങ്ങളായ സി.കെ കുമാരവേല്‍, പാരാജനാരായണന്‍, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ജേക്കബ്, വൈസ് പ്രസിഡന്‍റ് ജിന്‍സി അജി, ഈസ്റ്റേണ്‍ ഗ്രൂപ്പ് എം ഡി നവാസ് മീരാന്‍, അര്‍ജുന നാച്യൂറല്‍സ് എക്സ്ട്രാട്സ് ലിമിറ്റഡ് എം.ഡി പി ജെ കുഞ്ഞച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

750  ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്. 2 കിടപ്പ് മുറി, അടുക്കള, ശൗചാലയം, സിറ്റ്ഔട്ട്, കാര്‍പോര്‍ച്ച്, ചുറ്റുമതില്‍ എന്നിവ അടങ്ങിയതാണ് ഒരു വീട്. വീടുകളിലേക്ക് വെള്ളം, റോഡ്, വഴി വിളക്ക് എന്നിവ ട്വന്‍റി20യുടെ നേതൃത്വത്തില്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. അതോടൊപ്പം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഫാന്‍, ഫാന്‍സി ലൈറ്റ്, ഡൈനിങ്ങ് ടേബിള്‍, മിക്സര്‍ ഗ്രൈന്‍റര്‍, ബെഡ്, ടി.വി, സോഫ എന്നീ അവശ്യ സാധനങ്ങള്‍ 50 ശതമാനം കിഴിവില്‍ നല്‍കും. 

വിലങ്ങ്, കണ്ണാമ്പുറം കോളനികളിലെ വീടുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. വാസ്തുനിയമ പ്രകാരം നിര്‍മിച്ചിരിക്കുന്ന ഓരോ വീടും മുകളിലേയ്ക്ക് പണിത് ഉയര്‍ത്താവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ലക്ഷം വീട് കോളനിയിലെ ഓരോ അന്തേവാസിയ്ക്കും പുതിയ വീടുകള്‍ ഉറപ്പുവരുത്തിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

kamal hassan praises kizhakkambalam panchayat

6 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന ഞാറല്ലൂര്‍ പ്രോജക്ടില്‍ ട്വന്‍റി20, 5 കോടി 26 ലക്ഷം രൂപയും കേരള സര്‍ക്കാരിന്‍റെ ലക്ഷം വീട് ഒറ്റ വീടാക്കല്‍ പദ്ധതി പ്രകാരം കിഴക്കമ്പലം പഞ്ചായത്ത് 74 ലക്ഷം രൂപയും ചെലവഴിച്ചാണ് 37 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ട്വന്‍റി20യുടെ നേതൃത്വത്തില്‍ ഭവനരഹിതരായ 300 ഓളം പേര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുകയും, 800 ഓളം വീടുകള്‍ പുതുക്കി പണിത് വാസയോഗ്യമാക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios