കോഴിക്കോട്: ദേശീയഗാനത്തെ അധിക്ഷേപിച്ച് നോവല്‍ എഴുതിയെന്ന് ആരോപിച്ച് അറസ്റ്റുചെയ്‌ത കമല്‍ സി ആശുപത്രിയില്‍ നിരാഹാരം തുടങ്ങി. പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാരം. അതേസമയം കമല്‍ സിയെ ആശുപത്രിയില്‍ സഹായിക്കാനെത്തിയ സിനിമാപ്രവര്‍ത്തകനായ നദീറിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കമല്‍ സിയുടെ സഹായിയായാണ് നദീര്‍ എത്തിയത്. ഇന്നുരാവിലെ കമല്‍ സിയ്‌ക്കു ഭക്ഷണം വാങ്ങാന്‍ വേണ്ടി പുറത്തിറങ്ങിയപ്പോഴാണ്, നദീറിനെ മെഡിക്കല്‍കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മാവോയിസ്റ്റുകളെ നദീര്‍ സഹായിച്ചുവെന്ന ആരോപണവും പൊലീസ് ഉന്നയിക്കുന്നുണ്ട്. 2016 ആദ്യം ആറളം ഫാമിലെത്തിയ മാവോയിസ്റ്റുകള്‍ അവരുടെ പ്രസിദ്ധീകരണമായ കാട്ടുതീ പ്രചരിപ്പിച്ചിരുന്നു. ഇതിന് നദീര്‍ സഹായിച്ചുവെന്നാണ് പൊലീസ് പറയുന്നത്. 148/2016 എന്നതാണ് നദീറിനെതിരായ കേസ്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആരെയും നദീറിനെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ല. സ്റ്റേഷന്റെ മുന്‍വശം ഗ്രില്ലിട്ട് അടച്ചിരിക്കുകയാണ്.

തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചാണ് കമല്‍സി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിരാഹാരം തുടങ്ങിയത്. മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.