തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിന്‍റെ സമരം ഒത്തുതീർപ്പാക്കാൻ മധ്യസ്ഥ ശ്രമവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇക്കാര്യത്തിൽ കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചതായി കാനം അറിയിച്ചു. ജിഷ്ണുവിന്‍റെ അമ്മ മഹിജയെ ആശുപത്രിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിജയുടെ സമരം ഉടൻ തീരുമെന്നും വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകിന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം വൈകിട്ട് നാലിന് മാധ്യമങ്ങളെ കാണുന്നുണ്ട്.

ജിഷ്ണുവിന്‍റെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് നടപടി അനാവശ്യമാണെന്നും പോലീസിന് അല്‍പംകൂടി സംയമനം പാലിക്കായിമരുന്നുവെന്നും കാനം പറ‌ഞ്ഞു.പോലീസിന്റെ എല്ലാ റിപ്പോർട്ടുകളും സ്വയം ന്യായീകരിക്കുന്ന തരത്തിലാവും. ജുഡീഷ്യൽ അന്വേഷത്തിൽ മാത്രമാണ് വ്യത്യസ്തമായ റിപ്പോർട്ട് വന്നിട്ടുള്ളത്. ഇതുസംബന്ധിച്ച പോലീസ് റിപ്പോർട്ട് സ്വീകരിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കാനം തന്നോട് സംസാരിച്ചെന്നും ഒത്തുതീർപ്പിന് ആരു ശ്രമിച്ചാലും സഹകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മകൻ മരിച്ചതിലെ വേദന മനസിലാക്കുന്നു. എന്നാൽ ചിലർ അടിയന്തരാവസ്ഥയ്ക്കു സമാനമായ സ്ഥിതിയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയ, ജിഷ്ണു കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ സിപി ഉദയഭാവും ജിഷ്ണുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി.