മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥിയൂനിയന്‍ നേതാവ് കനയ്യ കുമാറിനുനേരെ മുംബൈയില്‍ വിമാനത്തില്‍വെച്ച് കൈയേറ്റ ശ്രമം. തര്‍ക്കത്തെതുടര്‍ന്ന കനയ്യ കുമാറിനെയും അക്രമിയെയും വിമാനത്തില്‍നിന്നും ഇറക്കിവിട്ടു.ഇതോടെ പൂനെയിലേക്കുള്ള കനയ്യയുടെ യാത്ര മുടങ്ങി.

രാവിലെ പത്തുമണിയോടെ മുംബൈയില്‍നിന്നും പൂനയിലേക്ക് പോകുന്ന ജെറ്റ് എയര്‍വെയ്‌സിന്‍റെ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തില്‍ കയറിയ ഉടനെ ഒരാള്‍ തന്റെ കഴുത്തിന് പിടിച്ചെന്ന കനയ്യ തന്നെ ട്വിറ്റ് ചെയ്യുകയായിരുന്നു. വിമാനത്തിനകത്തുവെച്ച് ഇവര്‍തമ്മില്‍ വലീയ വാക്കുതര്‍ക്കവും ഉണ്ടായി. വിമാനം പുറപ്പെട്ടിരുന്നില്ല. തുടര്‍ന്ന് രണ്ടുപേരെയും ജെറ്റ് എയര്‍വെയ്ത് ജീവനക്കാര്‍ വിമാനത്തില്‍നിന്നും പുറത്തിറക്കി. 

സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. ജെറ്റ് എയര്‍വെയ്‌സിലെ ജീവനക്കാര്‍ തന്നെ സഹായിക്കുന്ന നിലപാട് എടുത്തില്ലെന്നും തര്‍ക്കം ഉണ്ടായപ്പോള്‍ രണ്ടുപേരെയും വിമാത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നെന്നും കനയ്യ കുമാര്‍ ആരോപിച്ചു. 

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് കനയ്യ കുമാര്‍ മുംബൈയിലെത്തിയത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണവിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കാനായിരുന്നു കനയ്യ കുമാര്‍ പൂനയിലേക്ക് പുറപ്പെട്ടത്.