ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘപരിവാര്‍ സംഘടനയായ ബജ്റംഗ്ദളിന്‍റെ പരാതിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്‍റെ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി പാസ്റ്ററെയും കുടുംബത്തെയും അല്‍ഫോന്‍സ് കണ്ണന്താനം ഇടപ്പെട്ട് മോചിപ്പിച്ചു.
ദില്ലി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘപരിവാര്‍ സംഘടനയായ ബജ്റംഗ്ദളിന്‍റെ പരാതിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്‍റെ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി പാസ്റ്ററെയും കുടുംബത്തെയും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇടപ്പെട്ട് മോചിപ്പിച്ചു. മീററ്റിലെ മവാനയില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്ററെയും സംഘത്തെയുമാണ് യുപി കേഡറിലുളള മലയാളി ഉദ്യോഗസ്ഥന്‍ മുഖേന നടത്തിയ ഇടപെടലിലൂടെ കണ്ണന്താനം മോചിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ മവാനയില്‍ പ്രാര്‍ഥനായോഗം നടക്കുമ്പോഴാണ് പാസ്റ്റര്‍ കെ വി അബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് പിടികൂടിയത്. ബജ്റംഗ്ദള്‍ നല്‍കിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ സ്ത്രീകളും ഒരു വയസ്സുളള കുട്ടിയും ഉള്‍പ്പെട്ടിരുന്നു. യുപി കേഡറിലുളള മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ കിരണിനെ കണ്ണന്താനം വിവരം അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കാനും കണ്ണന്താനം നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഉത്തര്‍പ്രദേശ് പൊലീസ് സംഘത്തെ വിട്ടത്.
