കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതികേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി കെ ബാബുവുമടക്കം 9 പേര്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവ്. പദ്ധതിപ്രദേശത്തെ മരംമുറിച്ച് വിറ്റതിലും വിമനാത്താവള കമ്പനിക്ക് ചട്ടങ്ങള്‍ പാലിക്കാതെ ഭൂമി കൈമാറിയതിലും കോടികളുടെ അഴിമതി നടന്നെന്ന പരാതിയിലാണ് കോടതി നടപടി. അടുത്തമാസം പതിനേഴിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ഈമാസം പതിനഞ്ചിനാണ് ഇരിട്ടി പെരിങ്കിരി സ്വദേശിയായ കെ.വി ജയിംസ് മുഖ്യമന്ത്രി ഉമ്മന്‍ടചാണ്ടി, മന്ത്രി കെ.ബാബു, ഏവിയേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്,ഫിനാന്‍സ് സെക്രട്ടറി വി.പി ജോയി, കിയാല്‍ എം.ഡി ജ ചന്ദ്രമൗലി, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ കുര്യന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി തലശ്ശേരി വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. 

വിമനാത്താവളത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 1300 ഏക്കര്‍ ഭൂമിയിലെ ഒരു ലക്ഷത്തോളം മരംങ്ങള്‍ സ്വകാര്യ കരാര്‍ കമ്പനിയായ എല്‍ആന്‍റ്ടി മുറിച്ച് വിറ്റ് കോടികള്‍ സ്വന്തമാക്കിയെന്നും ഇതുവഴി സര്‍ക്കാറിന് ഒരു തുകപോലും ലഭിച്ചില്ലെന്നുമാണ് പ്രധാന പരാതി. 

മാത്രമല്ല 3041 മരങ്ങള്‍ മാത്രമാണ് മുറിക്കാന്‍ പാടുള്ളൂവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് വന്‍തോതില്‍ മരം മുറിച്ച് വിറ്റതെന്നും പരാതിയില്‍ പറയുന്നു. നിര്‍മ്മാണകരാര്‍ മാത്രമുള്ള എല്‍ആന്‍റ്ടി എങ്ങനെയാണ് മരം മുറിച്ച് വിറ്റ് കാശാക്കിയതെന്ന് അന്വഷിക്കണം. ഇത് കൂടാതെ വിമാനത്താവള കമ്പനിയായ കിയാലിന് 547 ഏക്കര്‍ ഭൂമി ഓഹരി വിഹിതമായും 70 ഏക്കര്‍ ഭൂമി ഏക്കറിന് നൂറ് രൂപ മാത്രം ഈടാക്കി കൈമാറിയതിലൂടെയും സര്‍ക്കാര്‍ ഖജനാവിന് ലഭിക്കേണ്ട കോടികള്‍ വേറെയും നഷ്ടമായെന്നും പരാതിയില്‍ പറയുന്നു.

അന്നത്തെ റവന്യു സെക്രട്ടറി ചട്ടം പാലിക്കാതെയും കമ്പോള വില വാങ്ങാതെയും സ്വകാര്യ വ്യക്തികള്‍ക്ക് ഓഹരിയുള്ള കണ്ണൂര്‍ വിമാനത്താവളത്തിന് സര്‍ക്കാര്‍ ഭൂമി കൈമാറുന്നതിനെ എതിര്‍ത്തിരുന്നു. ഇത് വകവെക്കാതെയാണ് ഭൂമി കൈമാറ്റം നടന്നതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. കേസില്‍ പ്രഥമിക വാദം കേട്ട കോടതി ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവിട്ടു. അടുത്തമാസം 17ന് വിജിലന്‍സ് ഡിവൈഎസ്പി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം.