മൂവാറ്റുപുഴ: LED ബൾബ് നിർമ്മാണ കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശി ഡൽഹിയിൽ പിടിയിലായി. കണ്ണൂർ ഇരിട്ടി ഓടപ്പുഴയിൽ ജോബി പൈലിയാണ് പൊലീസ് പിടിയിലായത്. തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ മുവാറ്റുപുഴ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് ഡൽഹിയിൽ നിന്ന് പ്രതിയെ പിടികൂടിയത്.

എൽഇഡി ബൾബ് നിർമ്മാണ യൂണിറ്റ് സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് പത്രത്തിൽ പരസ്യം കൊടുത്താണ് ജോബി പൈലി തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരസ്യം കണ്ട് വിളിക്കുന്നവരെ പലതും പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഇയാൾ  മുങ്ങും. ഇത്തരത്തിൽ വാളകം സ്വദേശയിൽ നിന്ന് അഞ്ചു ലക്ഷം തട്ടിച്ച കേസിലാണ് മൂവാറ്റുപുഴ പോലീസ്  പ്രതിയെ അറസ്റ്റ് ചെയ്തത്.  

ജോബി പൈലിയെ കൂടാതെ വേറെ മൂന്നുപേർ കൂടി തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നുവെന്നും ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. പല പേരുകളിൽ തട്ടിപ്പ് നടത്തുകയും ഓരോ തട്ടിപ്പുകൾക്കും ഓരോ സിംകാർഡും  ഫോണും ഉപയോഗിക്കുകയും പിന്നീട് അവ നശിപ്പിച്ചു കളയുകയുമായിരുന്നു ഇവരുടെ രീതി. ഇംഗ്ലീഷ്, ഹിന്ദി,  തമിഴ് ഭാഷകൾ കൈകാര്യം ചെയ്യുന്ന പ്രതിക്കെതിരെ കേരളത്തിലും തമിഴ്‍നാട്ടിലുമായി വേറെയും നിരവധി കേസുകൾ ഉണ്ട്.