കോഴിക്കോട്: യു.എ.പി എക്കെതിരെ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. രാജ്യരക്ഷക്കെന്ന പേരില്‍ കൊണ്ട് വരുന്ന കരി നിയമങ്ങള്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാന്തപുരം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പാവങ്ങളെ കുറിച്ച് ചിന്തിക്കാതെയെന്നും കാന്തപുരം കുറ്റപെടുത്തി.

കോഴിക്കോട് സുന്നി മര്‍ക്കസിന്റെ നേതൃത്വത്തില്‍ നടന്ന മിലാദ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം. രാജ്യരക്ഷക്കെന്ന പേരില്‍ നടപ്പാക്കുന്ന കരി നിയമങ്ങള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യു.എ പി.എ പോലുളള നിയമങ്ങള്‍ ചുമത്തപ്പെട്ടവര്‍ കുറ്റക്കാരെല്ലെന്ന് കണ്ടത്തിയാല്‍ ഇവര്‍ക്ക് ഭരണകൂടം നഷ്ടപരിഹാരം നല്‍കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ പാവങ്ങളെ കുറിച്ച് ചിന്തിക്കാതെയാണ്. പ്രധാനമന്തിയാണെങ്കിലും മുഖ്യമന്ത്രി ആണെങ്കിലും പാവങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും കാന്തപുരം വ്യക്തമാക്കി. മുജാഹിദ് ലയനത്തെയും കാന്തപുരം വിമര്‍ശിച്ചു.

ഐക്യത്തിന്റെ പേരില്‍ ആഹ്ലാദിക്കുന്നവര്‍ താത്കാലിക ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. സുന്നികള്‍ ഭിന്നിക്കുന്നവരല്ലെന്നും സുന്നി ഐക്യത്തിന് തയ്യാറാണെന്നും കാന്തപുരം ആവര്‍ത്തിച്ചു. മര്‍ക്കസ് സംഘടിപ്പിച്ച മിലാദ് സമ്മേളനത്തില്‍ പണ്ഡിതന്മാരടക്കം ആയിരകണക്കിന് പേര്‍ പങ്കെടുത്തു.