ചെന്നൈ: തമിഴ്നാട്ടിലെ കുഴിത്തുറയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന ഉപരോധം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയെ കാണാന്‍ അവസരം നല്‍കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കാണാതായ 1500 ലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നവശ്യപ്പെട്ടാണ് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും ഉപരോധം നടത്തിവന്നത്.
കുഴിത്തുറ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചുകൊണ്ടാണ് കന്യാകുമാരിയിലെ 8 ഗ്രാമങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ പ്രതിഷേധിച്ചത്. 6000ഓളം പ്രതിഷേധകരാണ് റെയില്‍വേ സ്റ്റേഷനില്‍ തടിച്ചുകൂടിയത്. കന്യാകുമാരി ജില്ലാകളക്ടര്‍ സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചെങ്കിലും പ്രതിഷേധത്തില്‍നിന്ന് പിന്മാറാന്‍ ഇവര്‍ തയ്യാറായില്ല. ട്രാക്കില്‍നിന്ന് മാറാതെ പ്രതിഷേധം ശക്തമാക്കുകയാണ് ഇവര്‍ ചെയ്തത്.
834 പേരെ കാണാതായെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തെരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്നുമടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറാകിതിരുന്ന തൊഴിലാളികള്‍ മുഖ്യമന്ത്രിയെ കണാന്‍ അവസരം നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
കേരളത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതുപോലെ തങ്ങള്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി നേരിട്ടെത്തി ഉറപ്പ് നല്‍കണമെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവരെ ഇതുവരെയും കണ്ടെത്താത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചത്.
