അതീവ ജൈവപ്രാധാന്യമുളള കായല്‍ പ്രദേശത്താണ് കാപ്പിക്കോ റിസോര്‍ട്ട് കെട്ടിപ്പൊക്കിയത്. സിആര്‍സെഡ് ഒന്നില്‍ ഉള്‍പ്പെടുന്ന കായലില്‍ നിന്ന് 100 മീറ്റര്‍ അകലം പാലിക്കണമെന്ന നിര്‍ദ്ദേശവും അവഗണിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.

ആലപ്പുഴ: അതീവ ജൈവപ്രാധാന്യമുളള കായല്‍ പ്രദേശത്താണ് കാപ്പിക്കോ റിസോര്‍ട്ട് കെട്ടിപ്പൊക്കിയതെന്നതിന് തെളിവുമായി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു. നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ള സിആര്‍സെഡ് ഒന്നില്‍ ഉള്‍പ്പെടുന്ന കായലില്‍ നിന്ന് 100 മീറ്റര്‍ അകലം പാലിക്കണമെന്ന നിര്‍ദ്ദേശവും അവഗണിച്ചു. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി നിര്‍മ്മിച്ച റിസോര്‍ട്ടിന് പാണാവള്ളി പഞ്ചായത്ത് കെട്ടിടനമ്പറും നല്‍കിയതായി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

2007-ലാണ് കാപ്പികോ റിസോർട്ട് നി‍‍ർമാണം തുടങ്ങിയത്. അന്ന് തീരദേശപരിപാലനനിയമം നിലവിൽ വന്നിട്ടുണ്ട്. അതനുസരിച്ച് കായലില്‍ നിന്ന് നൂറുമീറ്റര്‍ അകലം പാലിക്കണമായിരുന്നു. പക്ഷേ കായലിൽത്തന്നെയാണ് ഇപ്പോഴും അതിര്.

നെടിയതുരുത്ത് ദ്വീപിനെ അപ്പാടെ വിഴുങ്ങിയായിരുന്നു കാപ്പിക്കോ റിസോര്‍ട്ടിന്‍റെ നിര്‍മ്മാണം. അന്നത്തെ ഉപഗ്രഹ ചിത്രങ്ങള്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാണ്. തീരദേശപരിപാലന നിയമത്തിന്‍റെ നഗ്നമായ ലംഘനമാണിവിടെ നടന്നത്. 

അതീവ ജൈവ പ്രാധാന്യമുള്ള സിആര്‍സെഡ് ഒന്നില്‍ പെട്ടതാണ് ചെമ്മീന്‍ കെട്ട്. ഇവിടെ ഒരു തരത്തിലുള്ള നിര്‍മ്മാണവും പാടില്ല. അവിടെയാണ് ആവാസ വ്യവസ്ഥ മാറ്റി നിര്‍മ്മാണം നടത്തിയത്. യഥേഷ്ടം മണ്ണിട്ട് നികത്തി കായലും കയ്യേറി തീരദേശ നിയമം കാറ്റില്‍പ്പറത്തിയിട്ടും പാണാവള്ളി പഞ്ചായത്ത് ഒന്നും പരിശോധിച്ചില്ല. ഇവിടെയുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും തോന്നിയ പോലെ കെട്ടിട നമ്പര്‍ നല്‍കുകയായിരുന്നു.

പാണാവള്ളിയടക്കം കേരളത്തിലെ കായല്‍ത്തീരങ്ങളിലും കടല്‍ത്തീരത്തും താമസിക്കുന്ന ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ ഒരു വീടിന്‍റെ നമ്പറിന് വേണ്ടി നെട്ടോടമോടുമ്പോഴാണ് വന്‍കിട റിസോര്‍ട്ടിന് വേണ്ടിയുള്ള ഈ ഒത്താശ.

ഗുരുതരമായ നിയമലംഘനങ്ങളുള്ളതിനാല്‍ തന്നെ തീരദേശ പരിപാലന നിയമത്തില്‍ പിന്നീട് വന്ന ഭേദഗതികളൊന്നും കാപ്പിക്കോ റിസോര്‍ട്ടിനെ സഹായിക്കില്ല. വേമ്പനാട്ട് കായല്‍ റാംസര്‍ സൈറ്റായതും കാപ്പിക്കോയ്ക്ക് തിരിച്ചടിയാണ്. എല്ലാ നിയമങ്ങളും എതിരാണെന്ന് ചുരുക്കം. പക്ഷേ എന്നിട്ടും എങ്ങനെയെങ്കിലും പൊളിക്കാതിരിക്കാനാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും എല്ലാവരും ചേര്‍ന്ന് ഒത്തുപിടിക്കുന്നത്.

വിശദമായ വാർത്ത ഇവിടെ: