2020 ഓടെ ജലം സുഭിക്ഷമാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം  

കോഴിക്കോട്: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വേനലിനെ പ്രതിരോധിക്കുന്നതിനായി വൈവിധ്യങ്ങളായ ജലസംരക്ഷണ പദ്ധതികളുമായി കാരശേരി ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലാളികളുടെ തൊഴില്‍ കൂടി സംരക്ഷിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വലിയകുളങ്ങള്‍ നിര്‍മ്മിച്ച് ജലം സംഭരിക്കുന്ന പ്രവൃത്തിയാണിപ്പോള്‍ നടന്നുവരുന്നത്. പഞ്ചായത്തില്‍ 6 ഓളം കുളങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ വേനലില്‍ ഇതില്‍ നിന്ന് വെള്ളം ഉപയോഗിക്കുക എന്നതിനപ്പുറം അടുത്ത വേനലിലേക്കാവശ്യമായ ജലസംഭരണവും പഞ്ചായത്ത് ലക്ഷ്യമിടുന്നു. മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം വരെ സംഭരണ ശേഷിയുള്ള കുളങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

കുളങ്ങളുടെ വശങ്ങള്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവുമധികം കയര്‍ ഭൂവസ്ത്രമുപയോഗിച്ച പഞ്ചായത്തും കാരശ്ശേരിയാണ്. ഇതിനോടകം 12 ലക്ഷം രൂപയുടെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ചെറുകിട ജലസേചന വകുപ്പുമായി സഹകരിച്ച് നൂറില്‍ പരം തടയണകള്‍ നിര്‍മ്മിച്ച് പഞ്ചായത്ത് മാതൃകയായിരുന്നു. അത് കൊണ്ട് തന്നെ ഇത്തവണ കുടിവെള്ള പ്രശ്‌നം അത്ര രൂക്ഷമായിരുന്നില്ല. 

2015 ല്‍ കുടിവെള്ള വിതരണത്തിന് പഞ്ചായത്തില്‍ 16 ലക്ഷം രൂപ ചിലവഴിച്ചിരുന്നങ്കില്‍ 2016 ല്‍ അത് 11 ലക്ഷമായും 2017 ല്‍ 6 ലക്ഷമായും കുറഞ്ഞു. അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് പൂര്‍ണ്ണമായും ജല സുഭിക്ഷമായ പഞ്ചായത്താക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് കൂടാതെ പഞ്ചായത്തിന്റെ അധീനതയിലുള്ള തോടുകള്‍ നവീകരിക്കുന്നതിനും പദ്ധതിയുണ്ട്. തോടുകളുടെ ഉദ്ഭവസ്ഥലത്ത് ഈ വേനലില്‍ ചെറിയ കുഴികള്‍ കുഴിച്ച് ജലം സംഭരിക്കും.

സ്വകാര്യ വ്യക്തികള്‍ അടക്കമുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാവാനാവും. രണ്ട് വര്‍ഷത്തെ നിരന്തരമായ ശ്രമത്തിലൂടെ 2020 ഓടെ പഞ്ചായത്തിനെ പൂര്‍ണ്ണമായും ജലം സുഭിക്ഷമാക്കാനാവുമെന്നാണ് പഞ്ചായത്തധികൃതര്‍ കണക്ക് കൂട്ടുന്നത്.