കൊച്ചി: കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ആറുമാസത്തേക്ക് ശിക്ഷിച്ച ശേഷം ജസ്റ്റിസ് കർണൻ ഒളിവില്‍ കഴിഞ്ഞത് കൊച്ചിയിൽ. പനങ്ങാട്ടെ റിസോര്‍ട്ടില്‍ കര്‍ണന്‍ താമസിച്ചത് വ്യാജ പേരിലാണെന്നും തെളിഞ്ഞു. ചെന്നൈ സ്വദേശി എ എൻ രാജൻ എന്ന പേരാണ് ഇവിടെ നൽകിയത്. കർണന് ഒപ്പം മൂന്ന് പേരും ഉണ്ടായിരുന്നു. റിസോർട്ടിലെ ജീവനക്കാരൻ കർണന്റെ ചിത്രം തിരിച്ചറിഞ്ഞു .

കർണൻ കഴിഞ്ഞ പനങ്ങാട്ടെ റിസോർട്ട് പൊലീസ് പരിശോധിച്ചു. റിസോർട്ട് ഉടമകളോട് വരാൻ ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. റിസോർട്ട് രജിസ്ടർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
ഒന്നരമാസമായി ഒളിവിലായിരുന്ന കർണനെ കോയമ്പത്തൂരിൽ നിന്നാണ് ഇന്ന് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊൽക്കത്ത പൊലീസ്, തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണു പിടികൂടിയത്. കൊച്ചിയിലെ റിസോർട്ടിൽനിന്നു മൂന്നുദിവസം മുമ്പാണ് കര്‍ണന്‍ കോയമ്പത്തൂരിലേക്കു പോയതെന്ന് പൊലീസ് പറയുന്നു. മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പൊലീസിനെ കോയമ്പത്തൂരിലെത്തിച്ചത്.
കര്‍പ്പകം കോളജിനു സമീപത്തുള്ള റിസോര്‍ട്ടില്‍ നിന്നാണു കര്‍ണനെ പിടികൂടിയതെന്നാണു റിപ്പോർട്ട്. മൂന്നു ദിവസം റിസോര്‍ട്ടില്‍ താമസിച്ചു നിരീക്ഷണം നടത്തിയ ശേഷമാണു പൊലീസ് കര്‍ണനെ അറസ്റ്റ് ചെയ്യുന്നത്. ആദ്യം അറസ്റ്റിനെ ചെറുക്കാന്‍ ശ്രമിച്ച കര്‍ണന്‍ പിന്നീട് സഹകരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അഴിമതിയ്ക്കെതിരായ പോരാട്ടം തുടരുമെന്ന് അറസ്റ്റിനുശേഷം കര്‍ണന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
മുംബൈ വഴിയുള്ള വിമാനത്തിലാണു കൊല്‍ക്കത്തയിലേക്ക് കര്‍ണനുമായി പൊലീസ് സംഘം തിരിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലേയ്ക്കാകും കര്‍ണനെ മാറ്റുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
