വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്കരിച്ചേക്കുമെന്ന് സൂചന

ബംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. മുമ്പ് ബിജെപിയുപായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയെന്ന് കുമാരസ്വാമി പറഞ്ഞു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്കരിച്ചേക്കുമെന്ന് സൂചന. ഇതിനിടെ സ്പീക്കറായി കോണ്‍ഗ്രസിന്‍റെ കെ ആര്‍ രമേശ് കുമാര്‍ ചുമതലയേറ്റു. ബിജെപി സ്ഥാനാര്‍ത്ഥി പിന്‍മാറിയതിനെ തുടര്‍ന്ന് വോട്ടെടുപ്പില്ലാതെ കെ ആര്‍ രമേശ് സ്പീക്കറായി ചുമതലയേല്‍ക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ബിജെപിയിൽ നിന്ന് സുരേഷ് കുമാറാണ് മത്സരിക്കാന്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നത് എന്നാല്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്നെ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.

117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സർക്കാരിന് ഇപ്പോഴുളളത്. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തേക്കാൾ ആറ് അംഗങ്ങളുടെ പിന്തുണ അധികമുണ്ട്. 104 അംഗങ്ങളുളള ബിജെപി തത്കാലം എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎമാർക്കിടയിൽ ഭിന്നസ്വരങ്ങളും പ്രകടമല്ല. അതുകൊണ്ടെല്ലാം വിശ്വാസം തേടുക എളുപ്പമായേക്കും കുമാരസ്വാമിക്ക്.

ഞങ്ങളുടെ എംഎൽഎമാർ വാങ്ങാനും വിൽക്കാനുമുളളവരല്ല. ഭൂരിപക്ഷമുണ്ടെന്നും സർക്കാരിനെ നയിക്കാൻ കഴിയുമെന്നും ഞങ്ങൾ തെളിയിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. എന്നാല്‍ വിശ്വാസവോട്ട് നേടിയാലും കാര്യങ്ങൾ എളുപ്പമാവില്ല കുമാരസ്വാമിക്ക്. എംഎൽഎമാർ രാജിവച്ചാൽ ഗവർണർക്ക് ഇടപെടാം. അതാവും ബിജെപിയുടെ അടുത്ത നീക്കം. വിശ്വാസവോട്ട് നേടിയ ശേഷമാവും കോൺഗ്രസും ജെഡിഎസും മന്ത്രിമാരെ തീരുമാനിക്കുന്നതിലേക്ക് കടക്കുക. വകുപ്പ് വിഭജനമാവും കീറാമുട്ടി. പ്രധാനവകുപ്പുകളിൽ വിട്ടുവീഴ്ചക്ക് കോൺഗ്രസ് തയ്യാറാവുമെന്നാണ് സൂചന.