വോട്ടണ്ണല്‍ അമാവാസി ദിനത്തില്‍ കര്‍ണാടകയില്‍ സ്ഥാനാര്‍ഥികള്‍ ആശങ്കയില്‍ ജ്യോതിഷികളുടെ തുണ തേടി സ്ഥാനാര്‍ഥികള്‍
ബെംഗളൂരു: മെയ് 12-നാണ് കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല് മെയ് 15-നും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം കർണാടകത്തിൽ വോട്ടർമാരേക്കാൾ വി.ഐ.പി.കൾ ജ്യോതിഷികളാണ്. അമാവാസി ദിനം വോട്ടെണ്ണാൻ തെരഞ്ഞെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷനാണ് ജ്യോതിഷികളെ തുണച്ചത്. ദോഷം തീർക്കാനുളള നെട്ടോട്ടത്തിലാണ് അന്ധവിശ്വാസികളായ നേതാക്കളിപ്പോൾ.
സമയം നോക്കിയും ദോഷം തീർത്തുമല്ലാതെ കർണാടകത്തിലെ നേതാക്കൾ ഭൂരിപക്ഷവും ഒരു പരിപാടിക്കുമിറങ്ങില്ല. തെരഞ്ഞെടുപ്പായാൽ പറയുകയും വേണ്ട. ഈ നേതാക്കൾക്കിടയിലേക്കാണ് മെയ് പന്ത്രണ്ടിന് വോട്ടെടുപ്പും പതിനഞ്ചിന് വോട്ടെണ്ണലും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. വോട്ട് ശനിയാഴ്ചയെങ്കിൽ വോട്ടെണ്ണൽ ചൊവ്വാഴ്ചയാണ്. വെറും ചൊവ്വാഴ്ചയല്ല, അമാവാസി ഒന്നിച്ചെത്തുന്ന ചൊവ്വ. രണ്ടും നല്ല കാലമല്ലെന്നാണ് നേതാക്കൾ കവടി നിരത്തി കണ്ടെത്തിയിരിക്കുന്നത്. പരിഹാരക്രിയകൾക്കായുളള ഓട്ടമാണിപ്പോൾ. മുന്നിൽ ജെഡിഎസ് അധ്യക്ഷൻ ദേവഗൗഡ. എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കിനേക്കാളധികം പേടി ചൊവ്വാഴ്ചയിലാണ്. അമാവാസിയിൽ പ്രതീക്ഷകൾ തകരാതിരിക്കാൻ പ്രത്യേക ഹോമങ്ങൾക്ക് അദ്ദേഹം ഒരുക്കം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വിശ്വസ്തരായ ജ്യോതിഷികളുമായി കൂടിക്കാഴ്ചയും കഴിഞ്ഞു.
ദേവഗൗഡയുടെ മകൻ എച്ച് ഡി രേവണ്ണ തമിഴ്നാട്ടിലെ പ്രശസ്ത ജ്യോതിഷിയെ നേരിട്ടുചെന്ന് കണ്ടു. കുമാരസ്വാമിയും പൂജകൾക്കുളള തയ്യാറെടുപ്പിലാണ്. നാഗസന്യാസിമാരുടെ അനുഗ്രഹമാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി എസ് യെദ്യൂരപ്പ തേടിയത്. ബെംഗളൂരു ഡോളർ കോളനിയിലെ യെദ്യൂരപ്പയുടെ വീട്ടിൽ സന്യാസിമാരെത്തി. മുമ്പ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്കെതിരെ ഗൗഡ കുടുംബം മന്ത്രവാദം പ്രയോഗിക്കുന്നെന്ന ആരോപിച്ച യെദ്യൂരപ്പ അതിനെ വെല്ലാൻ പ്രത്യേക പൂജ നടത്തിയ ചരിത്രമുണ്ട്. ഇത്തവണ അതുണ്ടാവുമോ എന്നറിയില്ല. ശകുനത്തിൽ വിശ്വാസമില്ലെന്ന് തുറന്നുപറഞ്ഞ സിദ്ധരാമയ്യക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയാണത്രേ വഴിപാടുകൾ നടത്തുന്നത്. മുൻനിരയിൽ ഇങ്ങനെയെങ്കിൽ താഴെത്തട്ടിലെ അവസ്ഥ ഊഹിക്കാവുന്നതേയുളളൂ. വോട്ട് വീണാലും ജ്യോതിഷികളുടെ കയ്യിലാണ് തങ്ങളുടെ ഭാവിയെന്ന് ഉറപ്പിക്കുന്നു സ്ഥാനാർത്ഥികൾ.
