സർക്കാരിന്റെ മേൽ നോട്ടത്തിൽ പുതിയ ടാക്സി സർവ്വീസ് ആപ്പും തയ്യാറാക്കും ലക്ഷ്യമാക്കുന്നത് സ്ത്രീ സുരക്ഷ
കർണാടക: സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ടാക്സി സർവ്വീസ് ഉടൻ തന്നെ ആരംഭിക്കുമെന്ന് കർണാടക ഗതാഗത വകുപ്പ് മന്ത്രി ടി. സി താമന്ന. ബുക്കിംഗ് നടത്താനുള്ള ആപ്ലിക്കേഷനും തയ്യാറാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. ഓല ടാക്സിയിൽ യാത്ര ചെയ്ത യുവതിയെ തട്ടിക്കൊണ്ടുപോയതിനെത്തുടർന്നാണ് സർക്കാരിന്റെ ഈ പുതിയ തീരുമാനം. ഇതുവഴി യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താനും സാധിക്കും. സ്ത്രീസുരക്ഷയെ സംബന്ധിച്ച് ധാരാളം പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഓല, ഊബർ എന്നീ സ്വകാര്യ ടാക്സി സർവ്വീസുകളക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. ഇവയിൽ ജോലി ചെയ്യുന്ന ഡ്രൈവറെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താതെയാണ് നിയമിക്കുന്നത്. ഇത് പ്രശ്നങ്ങൾക്ക് കാരണമായിത്തീർന്നിട്ടുണ്ട്. - മന്ത്രി ടിസി താമന്ന പറഞ്ഞു.
എല്ലാ പിഴവുകളും പരിഹരിച്ചു കൊണ്ടുള്ള ആപ്ലിക്കേഷനായിരിക്കും ടാക്സി സർവ്വീസിനായി പുറത്തിറക്കുന്നത്. ഡ്രൈവർമാരെ എല്ലാവിധത്തിലുമുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും നിയമിക്കുന്നത്. ഗതാഗത വകുപ്പിന്റെ നിയമമനുസരിച്ചല്ല ഓല, ഊബർ ഡ്രൈവർമാരുടെ നിയമനം എന്ന് മന്ത്രി താമന്ന വ്യക്തമാക്കുന്നു. ഇവരെക്കുറിച്ച് കൃത്യമായി അന്വേഷിക്കാൻ തയ്യാറാകുന്നില്ല.
കഴിഞ്ഞ ദിവസമാണ് മുപ്പത് വയസ്സുള്ള സ്ത്രീയെ ഓല ഡ്രൈവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് ഓടിവന്നവരാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ആന്ധ്രാ സ്വദേശി സുരേഷ് സുബ്രമണ്യത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റൊരു ഓല ഡ്രൈവർ യുവതിയുടെ ഫോട്ടോ എടുത്ത് ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. യാത്രക്കാർക്ക് പ്രത്യകിച്ച് സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു തീരുമാനമായിരിക്കും ഇതെന്ന് കരുതുന്നു.
