Asianet News MalayalamAsianet News Malayalam

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്; കായിക താരങ്ങള്‍ക്ക് കിറ്റ് വലിച്ചെറിഞ്ഞ് കൊടുത്ത മന്ത്രി വിവാദത്തില്‍

ദേശീയ, സംസ്ഥാന മീറ്റുകളില്‍ വിജയം നേടിയ കായിക താരങ്ങള്‍ക്ക് മന്ത്രി ആര്‍.വി. ദേശ്പാണ്ഡെ
സ്പോര്‍ട്സ് കിറ്റുകള്‍ വലിച്ചെറിഞ്ഞ് കൊടുക്കുന്നതാണ് ദൃശ്യങ്ങളില്‍.

karnataka minister throw kits at sportsmen
Author
Bengaluru, First Published Nov 1, 2018, 11:04 AM IST

ബംഗളൂരു: ക്രിക്കറ്റില്‍ മാത്രമാണ് ഇന്ത്യ വളരുന്നതെന്നും കായിക രംഗത്തെ മറ്റിനങ്ങളിലെല്ലാം തളര്‍ച്ചയാണ് നേരിടുന്നതെന്നും ഏറെ കാലമായി രാജ്യം നേരിടുന്ന വിമര്‍ശനമാണ്. പലപ്പോഴും ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരം ചെന്ന് നില്‍ക്കാറുള്ളത് കായിക ഭരണരംഗത്തെ പ്രശ്നങ്ങളിലാണ്.

സ്പോര്‍ട്സ് താരങ്ങളോടുള്ള സമീപനത്തില്‍ പോലും ഇന്നും മാറ്റം വരുത്താതെ മുന്നോട്ട് പോകുന്ന അസോസിയേഷനുകളും കായിക ഭരണങ്ങളും എന്നും വാര്‍ത്തയില്‍ നിറയാറുണ്ട്. ഇപ്പോള്‍ കര്‍ണാടകയിലെ റവന്യൂ മന്ത്രിയുടെ ഒരു വീഡിയോ ആണ് ഈ വിധത്തിലുള്ള ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചിരിക്കുന്നത്.

ദേശീയ, സംസ്ഥാന മീറ്റുകളില്‍ വിജയം നേടിയ കായിക താരങ്ങള്‍ക്ക് മന്ത്രി ആര്‍.വി. ദേശ്പാണ്ഡെ സ്പോര്‍ട്സ് കിറ്റുകള്‍ വലിച്ചെറിഞ്ഞ് കൊടുക്കുന്നതാണ് ദൃശ്യങ്ങളില്‍. സ്റ്റേജില്‍ നില്‍ക്കുന്ന മന്ത്രി താഴെ നില്‍ക്കുന്ന താരങ്ങള്‍ക്ക് കിറ്റ് ഓരോന്ന് വീതം എറിഞ്ഞ് കൊടുക്കുകയാണ്.

തന്‍റെ സ്വന്തം മണ്ഡലത്തില്‍ പിഡബ്ല്യുഡി നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണ് മന്ത്രി. ഉദ്ഘാടനത്തിനും അതിഥികളുടെ പ്രസംഗത്തിനും ശേഷമാണ് കിറ്റുകളുടെ വിതരണം തുടങ്ങിയത്. പേരുകളുടെ പട്ടിക നീണ്ടപ്പോള്‍ ഈ ചടങ്ങിന് ശേഷം മറ്റെവിടെയോ പോകാനിരുന്ന മന്ത്രി സമയം ലാഭിക്കാന്‍ താരങ്ങള്‍ക്ക് കിറ്റ് എറിഞ്ഞ് നല്‍കുകയായിരുന്നു.

ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് രാജ്യമൊട്ടാകെ ഉയരുന്നത്. സാമാന്യ മര്യാദ പോലും കാണിക്കാതെ കായിക താരങ്ങളോട് പെരുമാറിയ മന്ത്രിയോട് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നാണ് സോഷ്യല്‍ മീഡിയ അടക്കം പറയുന്നത്.

വീഡിയോ കാണാം...

 

Follow Us:
Download App:
  • android
  • ios