വരൾച്ചകാരണം കാവേരി നദയിൽ നിന്ന് തമിഴ്നാടിന് വെള്ളം വിട്ട് നൽകാനാകില്ലെന്ന കർണാടകയുടെ നിലപാടിന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി നിർദ്ദേശം. കോടതി നിർദ്ദേശം പാലിക്കാത്ത കർണാടകയെ കോടതി വിമർശിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കുന്നത് ഫെഡറൽ വ്യവസ്ഥയിൽ പരിഹാരമല്ല. 

കോടതിവിധി നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നിർദ്ദേശിക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ ഫാലി എസ് നരിമാനോട് കോടതി നിർദ്ദേശിച്ചു. പ്രശ്നം ഇരു സംസ്ഥാനവും ചർച്ചയിലൂടെ പരിഹരിക്കണം. മുഖ്യമന്ത്രിമാരെ ചർച്ചയ്ക്ക് വിളിക്കാൻ അറ്റോണി ജനറൽ മുകുൾ റോത്തക്കിക്ക് കോടതി നിർദ്ദേശം നൽകി. 

പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ ശ്രമം നടത്തുമെന്ന് എജി അറിയിച്ചു. ഇതിനായി ഇരുമുഖ്യമന്ത്രിമാരെയും രണ്ട് ദിവസത്തിനകം കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിർദ്ദേശം സ്വാഗതം ചെയ്തെങ്കിലും വെള്ളം വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കർണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോടതി നിർദ്ദേശത്തിനെതിരെ കർണാകയിലെ മാണ്ഡ്യയിൽ കർഷകർ പ്രതിഷേധിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.