ഉത്തരേന്ത്യയിലെ കര്‍ഷക സമരം നാലാം ദിവസത്തിലേക്ക്

ദില്ലി: ബിജെപിയെയും കേന്ദ്രസർക്കാരിനെയും പ്രതിരോധത്തിലാക്കി രാഷ്ട്രീയ കിസാൻ മഹാസംഘ് ആഹ്വാനം ചെയ്ത് ഗ്രാമബന്ദ് നാലാം ദിവസത്തിലേക്ക്. സമരത്തെ തുടർന്ന് നഗരങ്ങളിൽ പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യ സാധനങ്ങൾക്ക് വില കൂടി. ഗുജറാത്തിലെ ഒരു വിഭാഗം കർഷകർ കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മഹാരാഷ്ട്രയിൽ അഖിലേന്ത്യാ കിസാൻ സഭയും നാളെ മുതൽ ഉപരോധസമരത്തിലേക്ക് കടക്കുകയാണ്. കിസാൻ ലോങ്ങ് മാർച്ചിൽ തന്ന ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കർഷക സമരവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

നഗരങ്ങളിലേയ്ക്ക് പഴവും പച്ചക്കറിയും പാലും കൊണ്ടു വരുന്നത് തടഞ്ഞാണ് കര്‍ഷക സമരം. ഇതോടെ മുംബൈ, ഭോപ്പാൽ, ജയ്പൂര്‍ എന്നീ നഗരങ്ങളിൽ പച്ചക്കറിയുടെ വില അഞ്ചു മുതൽ പത്തു രൂപ വരെ ഉയര്‍ന്നു. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ കർഷകർ ഭക്ഷ്യസാധനങ്ങളുമായി എത്തിയ വാഹനങ്ങൾ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. മധ്യപ്രദേശിൽ 19 കര്‍ഷകരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒന്‍പത് കേസുകള്‍ രജിസ്തര്‍ ചെയ്തിട്ടുണ്ട്.

പൊലീസ് വെടിവയ്പ്പിൽ കർഷകർ കൊല്ലപ്പെട്ട മന്ദ് സോറിൽ ബുധനാഴ്ചത്തെ ക‍ർഷകറാലി കണക്കിലെടുത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 15,000 പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 18 ജില്ലകളിൽ സംഘർഷസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിനിടെ കർഷകസമരം മാധ്യമ ശ്രദ്ധ നേടാനാണെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിങ് ആരോപിച്ചു. ഇതിനെതിരെ സമരസമിതിയും കോൺഗ്രസും രംഗത്ത് എത്തി. കർഷകരോടുള്ള ബിജെപി നിലപാട് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമായെന്ന് കോൺഗ്രസ് പറഞ്ഞു. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നതടക്കം ആവശ്യപ്പെട്ടാണ് കര്‍ഷക സമരം.