ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി ആശുപത്രി വിട്ടു. അലർജി സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കരുണാനിധി ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ആശുപത്രി വിട്ടത്. ചെന്നൈയിലെ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിലായിരുന്നു ഒരാഴ്ചയിലേറെയായി കരുണാനിധി. കഴിഞ്ഞ ഒരു മാസമായി പൊതുപരിപാടികളിൽനിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു അദ്ദേഹം.

ഒക്‌ടോബർ 25നാണ് 93കാരനായ കരുണാനിധിയ്‌ക്ക് ചില മരുന്നുകളുടെ അലർജിയെ തുടർന്ന് ഡോക്‌ടർമാർ വിശ്രമം നിർദ്ദേശിച്ചതായി ഡി.എം.കെ അറിയിച്ചത്. തുടർന്ന് ഡിസംബർ ഒന്നിനാണ് തുടർ ചികിത്സയ്‌ക്കായി അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നിരവധി നേതാക്കൾ അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിത അന്തരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ ഡി.എം.കെയുടെയും കരുണാനിധിയുടെയും നിലപാടുകൾ നിർണായകമാണ്.