ചതിയില്‍പ്പെട്ട് മയക്കുമരുന്ന് കേസില്‍പ്പെട്ട യുവാവിന് മോചനം. റംസാന്‍റെ പുണ്യമായി മകന്‍ റാഷിദ് തിരിച്ചെത്തിയ സന്തോഷത്തിലാണ്  കാഞ്ഞങ്ങാട്  മീനാപ്പീസിലെ കുഞ്ഞായിശ എന്ന ഉമ്മ

കാസർകോട് : സുഹൃത്തിന്റെ ചതിയില്‍ വിദേശത്ത് മയക്കുമരുന്ന് കേസില്‍ ജയിലായിരുന്ന യുവാവിന് മോചനം. ഹോസ്ദുർഗ് സ്വദേശി റാഷിദിനാണ് റംസാൻ പ്രമാണിച്ചുള്ള കുവൈത്ത് അമീറിന്റെ പൊതുമാപ്പിൽ മോചനം ലഭിച്ചത്. റംസാന്റെ പുണ്യമായി മകൻ തിരിച്ചെത്തിയ സന്തോഷത്തിലാണ് കാഞ്ഞങ്ങാട് മീനാപ്പീസിലെ കുഞ്ഞായിശ എന്ന ഉമ്മ. 

2014 ജൂണ്‍ 26 നാണ് റാഷിദ് മയക്കു മരുന്ന് കേസില്‍ കുവൈത്ത് വിമാനത്താവളത്തില്‍ പിടിയിലായത്. സുഹൃത്തായ കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശി ഫവാസ് നൽകിയൊരു പൊതിയാണ് റാഷിദിനെ കുടുക്കിയത്. ബന്ധുക്കൾക്ക് നൽകാൻ ഫവാസ് ഏൽപ്പിച്ച പൊതിയിൽ മയക്കുമരുന്നാണെന്ന് റാഷിദ് അറിഞ്ഞിരുന്നില്ല. സുഹൃത്തിന്റെ ചതിയിൽ റാഷിദ് ജയിലിലായത് ഗ‌ൾഫിലും നാട്ടിലും ഏറെ വാർത്താ പ്രാധാന്യം നേടി. റാഷിദിന്റെ നിരപരാധിത്വം തെളിയിക്കാനും ജയിലിൽ നിന്നിറക്കാനും നിരവധി സംഘടനകളും ആളുകളും അന്ന് രംഗത്തെത്തിയിരുന്നു. അങ്ങനെ നിയമസഹായം ഉൾപ്പെടെ റാഷിദിന് ലഭിച്ചു.

കേസിൽ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ഒരു മാസം ജാമ്യത്തിലിറങ്ങാൻ റാഷിദിന് കഴിഞ്ഞു. അന്ന് 1500 കുവൈത്ത് ദിനാർ കെട്ടിവച്ചു. പിന്നീടാണ് അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. മേൽക്കോടതിയിൽ അപ്പീൽ പോയെങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു. കുവൈത്തിലെ ഷുവൈക്ക് സെന്‍ട്രല്‍ ജയിലിലാണ് മോചനം ലഭിക്കുന്നത് വരെ റാഷിദ് കഴിച്ചുകൂട്ടിയത്.

 റാഷിദിനെ വഞ്ചിച്ച സുഹൃത്ത് ഫവാസിനെതിരെ നാട്ടിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ എതിർകക്ഷിയായ ഫവാസോ കുടുംബമോ ഹാജരാകാത്തതിനാൽ കേസ് എങ്ങുമെത്തിയില്ല.

റാഷിദ് ജയിലില്‍ കഴിയവെ 2016 മാർച്ച് 18ന് പിതാവ് അബൂബക്കർ നിര്യാതനായി. മകൻ വിദേശത്ത് ജയിലിൽ കഴിയുന്ന വേദനയോടെയാണ് അബൂബക്കർ മരണത്തിന് കീഴടങ്ങിയത്. തന്റെ വരവ് കാത്തിരുന്ന പിതാവിന്റെ ഖബറിടത്തിൽ പോയി റാഷിദ് പ്രാർത്ഥിച്ചു. മോചനത്തിനായി പ്രവർത്തിച്ച കുവൈത്തിലെ കെ.എം.സി.സി, കെ.കെ.എം തുടങ്ങിയ സംഘടനകൾക്കും വ്യക്തികൾക്കും നന്ദിപറയാനും റാഷിദ് മറന്നില്ല. തന്നെ പോലെ വഞ്ചിതരായി, മയക്കുമരുന്ന് കേസില്‍ കുടുങ്ങി നിരവധി പേര്‍ ഇപ്പോഴും കുവൈത്ത് ജയിലിലുള്ളതായും റാഷിദ് പറയുന്നു.