കാസര്‍കോട്: കാസര്‍കോടിനെ നടുക്കി വീണ്ടും വന്‍ മോഷണം. ഉദുമയില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന മോഷണ സംഘം 25 പവന്‍ സ്വര്‍ണവും 3500 അമേരിക്കന്‍ ഡോളറും 50,000 രൂപയും കവര്‍ന്നു. ഉദുമ മുദിയക്കാലിലെ വീടുകളാണ് മോഷണ സംഘം കുത്തിതുറന്നത്. മര്‍ച്ചന്റ് നേവി ഉദ്യഗസ്ഥാനായ സുനിലിന്റെ വീട്ടില്‍ നിന്നാണ് 25 പവന്‍ സ്വര്‍ണവും 3500 അമേരിക്കന്‍ ഡോളറും കവര്‍ന്നത്.

മകനെ കൊണ്ടുവരുന്നതിനായി സുനിലും കുടുംബവും മംഗളൂരുവിലേക്ക് പോയിരുന്നു. ഈ സമയത്താണ് മോഷണ സംഘം വീട് കുത്തിതുറന്നത്. രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തൊട്ടടുത്തുള്ള പ്രഭാകരന്റെ വീട്ടില്‍ നിന്ന് 5000 രൂപയും കവര്‍ച്ച ചെയ്തു. പ്രഭാകരനും കുടുംബവും വിദേശത്താണ് താമസം. 

മുകള്‍നിലയിലെ വാതില്‍ പൊളിച്ചാണ് മോഷണം നടത്തിയത്. പ്രൊഫഷണല്‍ സംഘമാണ് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ചീമേനിയില്‍ മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തിയതിന് പിന്നാലെയുണ്ടായ പുതിയ സംഭവം പൊലീസ് ഉദ്യോഗസ്ഥരേയും ആശങ്കയിലാക്കുന്നുണ്ട്.