കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ രണ്ടാം ചരമവാർഷികദിനത്തോട് അനുബന്ധിച്ചാണ് കശ്മീർ താഴ്വരയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ശ്രീനഗർ: സംഘർഷം തുടരുന്ന കാശ്മീർ താഴ്വരയിൽ കടുത്ത നടപടികളിലേക്ക് പോകരുതെന്ന് സൈന്യത്തോട് ഗവർണറുടെ നിർദേശം. ഗുൽഗാം ജില്ലയിൽ ശനിയാഴ്ച്ച സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സംയമനം പാലിക്കണമെന്ന് സൈന്യത്തോട് ജമ്മു കശ്മീർ ഗവർണർ എൻ.എൻ.വോറ ആവശ്യപ്പെട്ടത്.
രണ്ട് വർഷം മുൻപ് സൈനിക നടപടിയിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻവാനിയുടെ രണ്ടാം ചരമവാർഷികദിനത്തോട് അനുബന്ധിച്ചാണ് കശ്മീർ താഴ്വരയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
സൈന്യത്തിന് നേരെ വ്യാപകമായി കല്ലേറുണ്ടാവുകയും തുടർന്ന് അക്രമികൾക്ക് നേരെ സൈന്യം വെടിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടത്. വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വെടിവെപ്പിലും അതേ തുടർന്നുണ്ടായ മരണങ്ങളിലും ഖേദം പ്രകടിപ്പിച്ച ഗവർണർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ സേനകൾ നടപടിക്രമങ്ങൾ പാലിച്ചു മാത്രം പ്രവർത്തിക്കണമെന്ന് നിർദേശിച്ചു. എത്ര പ്രകോപനമുണ്ടായാലും സാധാരണക്കാർക്ക് നേരെ കടുത്ത നടപടി പാടില്ലെന്ന് ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന വിവരം.
സംഘർഷം വ്യാപിക്കുന്നത് തടയാൻ താഴ്വരയിലെ മൊബൈൽ ഇന്റർനെറ്റ് സേവനം സർക്കാർ റദ്ദാക്കിയിരിക്കുകയാണ്. വിഘടനവാദികൾ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് അമർനാഥ് തീർത്ഥാടകരുടെ യാത്രയും ഇന്നത്തേക്ക് നിർത്തിവച്ചിട്ടുണ്ട്.
