ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷത്തിന് നേരിയ അയവ്. സുരക്ഷ മുന്‍ നിര്‍ത്തി പത്ത് ജില്ലകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും.. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഉന്നതതലയോഗം ചേര്‍ന്നു..

ഹിസ്ബുള്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ഒരാഴ്ച്ച മുമ്പ് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് നേരിയ അയവ്. ഒറ്റപ്പെട്ട ചില ചെറിയ അക്രമസംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ താഴ്‌വര പൊതുവെ ശാന്തമാണ്. സുരക്ഷ മുന്‍നിര്‍ത്തി പത്ത് ജില്ലകളില്‍ പ്രഖ്യാപിച്ച നിരോധനാഞ്ജ ഇന്നും തുടരും.

സുരക്ഷാസേനയും പൊലീസും സ്ഥലത്ത് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. കശ്മീരിലെത്തിയ ചില വിനോദസഞ്ചാരികള്‍ സൈനിക ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തിന് അയവുവരുന്ന സാഹചര്യത്തില്‍ ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കും.സംഘര്‍ഷത്തെത്തുടര്‍ന്ന് ജമ്മുശ്രീനഗര്‍ ഹൈവേയില്‍ ചരക്ക് വാഹനങ്ങള്‍ അടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയാണ്.

അതുകൊണ്ട് തന്നെ താഴ്‌വരയില്‍ അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷമാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ 36 പേര്‍ മരിക്കുകയും മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

അതേസമയം കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,ആഭ്യന്തര സെക്രട്ടറി,രഹസ്യാന്വേഷണ വിഭാഗം മേധാവി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.സംഘര്‍ഷത്തിന് അയവുണ്ടായിട്ടുണ്ടെങ്കിലും ജാഗ്രതപുലര്‍ത്തണമെന്ന് യോഗം വിലയിരുത്തി..